Site icon Janayugom Online

ജനക്ഷേമ‑വികസന നിലപാടുമായി എൽഡിഎഫ് സർക്കാർ ആറുമാസം പിന്നിട്ടു

ജനക്ഷേമ‑വികസന നിലപാടുമായി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടർഭരണത്തിലൂടെ അധികാരത്തിലെത്തിയിട്ട് ഇന്നലെ ആറുമാസം പിന്നിട്ടു. 2016 ൽ എൽഡിഎഫ് അധികാരത്തിൽ എത്തിയശേഷം പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയതിനു പുറമേ ഉയർന്നുവന്ന ജനകീയ ആവശ്യങ്ങൾ പലതും അംഗീകരിച്ച് നടപ്പാക്കാനും കഴിഞ്ഞു. ലോകത്തിന്റെ പ്രശംസനേടുകയും രാജ്യത്തിന് മാതൃകയാവുകയും ചെയ്ത കേരള മോഡൽ പുതിയ തലത്തിലേയ്ക്ക് ഉയർത്തുന്ന നടപടികൾക്കാണ് ഭരണത്തുടർച്ചയിലൂടെ എൽഡിഎഫ് സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. ക്ഷേമാശ്വാസ പദ്ധതികൾ ശക്തിപ്പെടുത്തിയും അടിസ്ഥാന സൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റങ്ങൾക്കും കേരളം തുടക്കം കുറിച്ചുകഴിഞ്ഞു. രണ്ടാം പിണറായി സർക്കാർ അടിസ്ഥാന സൗകര്യവികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിയാണ് മുന്നോട്ട് പോകുന്നത്. കോവി‍ഡ് മഹാമാരിയേയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച കേരളം വികസനത്തിലും ക്ഷേമത്തിലും ജനങ്ങൾക്കൊപ്പമുണ്ട്. 

എല്ലാ എതിർപ്പുകളെയും അതിജീവിച്ച് കെ റയിൽ പദ്ധതി നടപ്പാക്കാനുള്ള നിശ്ചയദാർഢ്യമാണ് സർക്കാരിന്റേത്. തൊഴിലവസരം, കാർഷികാഭിവൃദ്ധി, വ്യവസായവളർച്ച, പട്ടയവിതരണം, ലൈഫ്, സംരംഭ പ്രോത്സാഹനം, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം, സദ്ഭരണം, ഡിജിറ്റൽ വിദ്യാഭ്യാസം, ടൂറിസം, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങ്, ദുരിതാശ്വാസ പുനരധിവാസ നടപടി, ഭക്ഷ്യസുരക്ഷ, കർഷക ക്ഷേമം, കടലിന്റെ മക്കൾക്ക് സംരക്ഷണം, ആദിവാസി ദളിത് ഉന്നമനം തുടങ്ങി സമസ്ത മേഖലകളിലും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നത്.
അർഹരായ എല്ലാവർക്കും റേഷൻകാർഡ് നൽകിയും റേഷൻ കാർഡിനെ എടിഎം മാതൃകയിലാക്കിയും ശ്രദ്ധേയമായ മാറ്റം വരുത്തി. സുഭിക്ഷ ഹോട്ടലുകൾ വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. 

ഫലവൃക്ഷത്തൈ വിതരണം, വഴിയോര കൃഷിവിപണി, സുഭിക്ഷ സുരക്ഷിത കേരളം, ജൈവകൃഷി എന്നിവ കാർഷികമേഖലയ്ക്ക് പുതുമുഖം നൽകി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന റവന്യൂ വകുപ്പിന്റെ മുദ്രാവാക്യം ലക്ഷ്യത്തിലേക്ക് അടുക്കുന്നു. നൂറുദിവസത്തിനുള്ളിൽ 13,500 ഓളം പട്ടയം വിതരണം ചെയ്തു. ഡിജിറ്റൽ സർവേയിലൂടെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമികൾ കണ്ടെത്താനും സർക്കാരിനു കഴിഞ്ഞു. കർഷകരെ സംരംഭകരാക്കാൻ ലക്ഷ്യമിട്ട് കാർഷികോല്പാദന കമ്പനിക്കും രൂപം നൽകി. കോവിഡ് വാക്സിനേഷൻ ചരിത്ര നേട്ടം കൈവരിച്ചതോടെ എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പാക്കിയ ഓൺലൈൻ വിദ്യാഭ്യാസത്തിനൊപ്പം സ്ക്കൂൾ‑കോളജുകൾ വിദ്യാർത്ഥികൾക്കായി തുറന്നു നൽകാനും കഴിഞ്ഞു.

ENGLISH SUMMARY:Six months have passed since the LDF gov­ern­ment took a stand on pub­lic wel­fare and development
You may also like this video

Exit mobile version