മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയൽ) മഷിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നത്.
ഇക്കുറി 2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകൾ തടയാൻ ഈ സംവിധാനത്തിനാകും. വിരലിൽ പുരട്ടിയാൽ വെറും നാല്പത് സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാൻ. സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തെരഞ്ഞെടുപ്പ് കമ്മിഷൻ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആന്റ് വാർണിഷ് കമ്പനിയിൽ(എംവിപിഎൽ) നിന്ന് എത്തിച്ചത്. ഒരു കുപ്പിയിൽ 10 മില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടർമാരുടെ വിരലുകളിൽ പുരട്ടാനാവും.
വോട്ടുചെയ്യാൻ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലിൽ മഷി പുരട്ടുക എന്നത് രണ്ടാം പോളിങ് ഓഫിസറുടെ ഉത്തരവാദിത്തമാണ്. ആദ്യ പോളിങ് ഓഫിസർ വോട്ടറെ ഐഡന്റിഫൈ ചെയ്തുകഴിഞ്ഞാൽ രണ്ടാം പോളിങ് ഓഫിസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങൾ ഇല്ല എന്നുറപ്പാക്കും. തുടർന്ന് വിരലിന്റെ അഗ്രത്ത് നിന്ന് ആദ്യ സന്ധിവരെ ബ്രഷുകൊണ്ട് നീളത്തിൽ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക. ഇന്ത്യയിൽ ഈ മഷി നിർമ്മിക്കാൻ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആന്റ് വാർണിഷ് കമ്പനിക്ക് മാത്രമാണ്. 1962ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങുന്നത്. അതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടർമാരുടെ വിരലുകളിൽ പുരട്ടിയിട്ടുണ്ട്. നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയിൽ വികസിപ്പിച്ച ഒരു ഫോർമുലയാണ് ഈ സവിശേഷ വോട്ടിങ് മഷിയിൽ ഉപയോഗിച്ചിട്ടുള്ളത്.
English Summary:Six more days to ink; 63,100 bottles of voting ink used in the state
You may also like this video