Site iconSite icon Janayugom Online

ആറുവര്‍ഷം: ബിജെപിക്ക് ലഭിച്ച സംഭാവന 5272 കോടി

കഴിഞ്ഞ ആറു വര്‍ഷത്തില്‍ ബിജെപിക്ക് ലഭിച്ച സംഭാവന മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെത്തുകയുടെ മൂന്നിരട്ടിയെന്ന് റിപ്പോര്‍ട്ട്. 2016–17 മുതല്‍ 2021–22 വര്‍ഷത്തെ കണക്കാണിത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിജെപിക്ക് 5271.97 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് വഴി ലഭിച്ചപ്പോള്‍, മറ്റ് പാര്‍ട്ടികള്‍ക്ക് മൊത്തമായി 1783.93 കോടി രൂപയുടെ ബോണ്ടാണ് ലഭിച്ചത്.
ബിജെപിക്ക് ആകെ ലഭിച്ചതില്‍ 52 ശതമാനമാണ് ഇലക്ട്രല്‍ ബോണ്ടുകള്‍. കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ 61.54 ശതമാനവും ഇലക്ട്രല്‍ ബോണ്ട് രൂപത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ്- 93.27, ബിജു ജനതാദള്‍ ‑89.81, ഡിഎംകെ 90.703, ടിആര്‍എസ്- 80.45, വൈഎസ്ആര്‍-സി ‑72.43 ശതമാന എന്നിങ്ങനെയാണ് വിവിധ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ബോണ്ടുകളിലൂടെ ലഭിച്ച സംഭാവനകളുടെ കണക്കുകള്‍.
കോണ്‍ഗ്രസ്- 952.29 കോടി രൂപ, തൃണമൂല്‍ കോണ്‍ഗ്രസ്- 767.88 കോടി രൂപ, ബിജു ജനതാദള്‍-622 കോടി രൂപ, ഡിഎംകെ-431.50 കോടി രൂപ, ടിആര്‍എസ്- 383.6529 കോടി രൂപ, വൈഎസ്ആര്‍-സി 330.44 കോടി രൂപ എന്നിങ്ങനെയാണ് ഇലക്ട്രല്‍ ബോണ്ടുകളിലൂടെ വിവിധ പാര്‍ട്ടികള്‍ നേടിയ സംഭാവന.
കോര്‍പറേറ്റ് സംഭാവനയായി ദേശീയ പാര്‍ട്ടികള്‍ക്ക് 3,894.83 കോടി രൂപയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് 719.69 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഏഴ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവന 31 പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ അഞ്ചിരട്ടിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ബിജെപിക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവന മറ്റ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ കോര്‍പറേറ്റ് സംഭാവനയുടെ നാലിരട്ടിയോളമുണ്ടെന്നും 2017–18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് മറ്റ് ദേശീയ പാര്‍ട്ടികളുടെ ആകെ സംഭാവനയുടെ 18 ശതമാനമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ആറു വര്‍ഷത്തില്‍ ബിഎസ്‌പിക്ക് കോര്‍പറേറ്റ് സംഭാവനകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്ന് പാര്‍ട്ടി വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു. സിപിഐക്ക് 2018–19 മുതല്‍ 2021–22 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റ് സംഭാവനകള്‍ ലഭിച്ചില്ല. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവന 152.02 ശതമാനം ഉയര്‍ന്നതായും എഡിആര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

eng­lish sum­ma­ry; Six years: 5272 crores in dona­tions received by BJP
you may also like this video;

Exit mobile version