Site iconSite icon Janayugom Online

ഉറക്കഗുളികൾ ബിരിയാണിയിൽ ചേര്‍ത്തുമയക്കി; കാമുകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചുകൊന്നു

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ഭര്‍ത്താവിനെ ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഗുണ്ടൂരിലെ ചിലുവുരു ഗ്രാമത്തിലാണ് സംഭവം. ലോകം ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മി മാധുരി, കാമുകന്‍ ഗോപി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിരിയാണിയിൽ 20 ഉറക്കഗുളികകൾ മാധുരി പൊടിച്ചുചേർത്തതിനുശേഷമാണ് ഭർത്താവിന് നൽകിയത്. ഭക്ഷണം കഴിച്ച ശിവനാഗരാജു ഗാഢനിദ്രയിലായ സമയത്ത് മാധുരി കാമുകനായ ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രണ്ടുപേരും ചേർന്ന് ശിവനാഗരാജുവിന്റെ മുഖത്ത് തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിന് ഹൃദയാഘാതം സംഭവിച്ചുവെന്ന് മാധുരി അയല്‍ക്കാരെയും ബന്ധുക്കളെയും വിവരമറിയിച്ചു. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യഘട്ടത്തിൽ എല്ലാവരും ധരിച്ചത്.

എന്നാൽ, ശിവനാഗരാജുവിന്റെ ശരീരത്തിലെ പരിക്കുകളും രക്തക്കറകളും കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ചതും നെഞ്ചിലെ പരിക്കുകളുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതോടെ മാധുരിയേയും ഗോപിയേയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

താനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മാധുരി പൊലീസിനോട് സമ്മതിച്ചു. താൻ ഗോപിയെ വിളിച്ചുവരുത്തുകയുമായിരുന്നുവെന്നാണ് യുവതി പൊലിസിന് നൽകിയ മൊഴി.

Exit mobile version