Site iconSite icon Janayugom Online

കോടികള്‍ പാഴാക്കി സ്മാർട്ട് സിറ്റി പദ്ധതി

രാജ്യത്തെ നഗരങ്ങളുടെ മുഖച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര നഗരകാര്യ മന്ത്രാലയം ആരംഭിച്ച സ്മാർട്ട് സിറ്റി മിഷൻ പത്ത് വര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യത്തിന് അടുത്തുപോലും എത്തിയില്ല. 2015 ജൂണിൽ വലിയ പ്രതീക്ഷകളോടെ ആരംഭിച്ച പദ്ധതി, നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉപരിപ്ലവമായ മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. രണ്ട് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍, തകരുന്ന അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ബാധ്യതയുമാണ് ബാക്കിയാകുന്നത്. 2024 മാർച്ചിൽ പദ്ധതി ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും പല നിര്‍മ്മാണങ്ങളും ഇനിയും പൂര്‍ത്തിയായിട്ടില്ല.

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ 50:50 അനുപാതത്തിലുള്ള ഫണ്ടിങ്ങിന് പുറമെ, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും (പിപിപി) വായ്പകളിലൂടെയും പണം കണ്ടെത്താനായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പിഴച്ചു. ജൂൺ വരെയുള്ള കണക്കനുസരിച്ച് പദ്ധതിക്കായി ചെലവഴിച്ച തുകയില്‍ 47,225 കോടി രൂപ (27%) മാത്രമാണ് കേന്ദ്ര വിഹിതം. സംസ്ഥാനങ്ങള്‍ 41,000 കോടി രൂപ (23%) മുടക്കി. വലിയ പ്രതീക്ഷയുണ്ടായിരുന്ന പൊതു-സ്വകാര്യ പങ്കാളിത്തം വെറും 6%ത്തില്‍ ഒതുങ്ങി. ബാക്കിയുള്ള തുക കണ്ടെത്തിയത് അമൃത്, സ്വച്ഛ് ഭാരത് തുടങ്ങിയ മറ്റ് സര്‍ക്കാര്‍ പദ്ധതികളുടെ ഫണ്ട് വകമാറ്റിയായിരുന്നു. ഏകദേശം 50,000 കോടി രൂപ ഇത്തരത്തില്‍ മാറ്റി.

രാജ്യത്തുടനീളം സമഗ്ര വികസനമായിരുന്നു ലക്ഷ്യമെങ്കിലും പദ്ധതിയുടെ 92%വും 21 വലിയ സംസ്ഥാനങ്ങളിലായി ചുരുങ്ങി. ഇതില്‍ത്തന്നെ മൂന്നിലൊന്ന് വികസനവും നടന്നത് ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുള്‍പ്പെടെ ചെറിയ സംസ്ഥാനങ്ങള്‍ വികസനത്തില്‍ ഏറെ പിന്നിലായി. സാമൂഹിക സുരക്ഷ അവഗണിച്ച് നഗരങ്ങളിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും നല്‍കിയ പ്രാധാന്യം ജനങ്ങളുടെ സാമൂഹിക ക്ഷേമത്തിന് നല്‍കിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജലവിതരണം, ശുചിത്വം എന്നിവയ്ക്കായി 27% തുക (47,000 കോടി രൂപ) ചെലവഴിച്ചു. റോഡ്, ഗതാഗതം എന്നിവയ്ക്കായി 41,000 കോടി രൂപ ചെലവിട്ടു. അതേസമയം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നീക്കിവച്ചത് വെറും 12,000 കോടി രൂപ മാത്രമാണ്. കോവിഡ് കാലത്ത് ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായില്ല.

സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ അവയുടെ പരിപാലന ചുമതല നഗരസഭകള്‍ക്കും കോര്‍പറേഷനുകള്‍ക്കുമാണ്. എന്നാല്‍ ഇതിനാവശ്യമായ പണം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമാഹരിക്കാനായത് വെറും 2,000 കോടി രൂപ മാത്രമാണ്. സാമ്പത്തികമായി തകർന്നുനില്‍ക്കുന്ന പല നഗരസഭകള്‍ക്കും സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ പരിപാലനം വലിയ ബാധ്യതയായി മാറും. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) പോലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്ന വാഗ്ദാനവും എങ്ങുമെത്തിയിട്ടില്ല. പദ്ധതി അവസാനിച്ചതിന് ശേഷം 15,000 കോടി രൂപയുടെ ‘അർബൻ ചലഞ്ച് ഫണ്ട്’ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇതിനായി സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന നിബന്ധന ചെറിയ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടിയായി മാറി. 

Exit mobile version