Site icon Janayugom Online

ഡല്‍ഹിയില്‍ വീണ്ടും പുകമഞ്ഞ് വ്യാപനം

Delhi

രാഷ്ട്രതലസ്ഥാനത്ത് വീണ്ടും കനത്ത പുകമഞ്ഞ് വ്യാപനം. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായിരിക്കുന്നത്. പുകമഞ്ഞുമൂലം വാഹനങ്ങള്‍ക്ക് കാഴ്ച മറഞ്ഞ അവസ്ഥയാണ് അനുഭവപ്പെടുന്നത്.
മലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്കങ്ങളുടെ നിര്‍മ്മാണം, സംഭരണം, വില്പന, പടക്കം പൊട്ടിക്കല്‍ എന്നിവയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും വരെ ലഭിച്ചേക്കാം. എന്നാല്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം വ്യാപകമായി ലംഘിക്കപ്പെട്ടത് സ്ഥിതി മോശമാക്കി.
ഡല്‍ഹിയിലെ ശരാശരി വായു മലിനീകരണ തോത് 251 ആണെന്ന് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് സിസ്റ്റം അറിയിച്ചു. ശനിയാഴ്ച ഇത് 266 ആയിരുന്നു. ഡല്‍ഹി സര്‍വകലാശാല മേഖലയില്‍ വായു മലിനീകരണ തോത് 327 രേഖപ്പെടുത്തി.
വായു മലിനീകരണ തോത് പൂജ്യത്തിനും 50 നും ഇടയിലാണെങ്കില്‍ നല്ല വായു ആണെന്ന് വിലയിരുത്തപ്പെടുന്നു. 50 നും 100 നും ഇടയില്‍ തൃപ്തികരവും 101 മുതല്‍ 200 വരെ മിതമായത്, 201 മുതല്‍ 300 വരെ മോശം, 300 മുതല്‍ 400 വരെ ഏറ്റവും മോശം, 401 മുതല്‍ 500 വരെ വളരെ ഗുരുതരം എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരത്തെ തരംതിരിച്ചിരിക്കുന്നത്.
ഡല്‍ഹി മലിനീകരണത്തിന്റെ 39 ശതമാനം മാത്രമാണ് പ്രാദേശികമായി ഉണ്ടാകുന്നതെന്നും ബാക്കിയുള്ളവ സമീപ പ്രദേശങ്ങളില്‍ നിന്നുണ്ടാകുന്നതാണെന്നും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ശൈത്യകാലത്ത് വൈക്കോല്‍ തുറന്ന സ്ഥലങ്ങളില്‍ കത്തിക്കുന്നതും ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. ഡല്‍ഹിയിലെ വായു മലിനീകരണ തോത് കുറയ്ക്കാന്‍ 15 പോയിന്റുളള വിന്റര്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Smog spread again in Delhi

You may like this video also

Exit mobile version