Site iconSite icon Janayugom Online

ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി സ്‌മൃതി മന്ദാന

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20യിൽ തകർപ്പൻ സെഞ്ചുറിയുമായി സ്‌മൃതി മന്ദാന. മത്സരത്തിൽ മൂന്ന് സിക്‌സറും 15 ഫോറുകളും അടക്കം താരം 62 പന്തിൽ 112 റൺസ് നേടി. ഷഫാലി വര്‍മ്മ 20 റൺസും ഹര്‍ലീന്‍ ഡിയോള്‍ 43 റൺസും നേടി പുറത്തായി. 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ഇന്ത്യൻ വനിതകൾ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 113 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 97 റണ്‍സ് വിജയം.
പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പകരം സ്മൃതി മന്ദാനയാണ് ടീമിനെ നയിച്ചത്. ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച സ്മൃതി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഹെതർ നൈറ്റ്, ടാമി ബ്യൂമോണ്ട്, ലോറ വോൾവാർഡ്, ബെത്ത് മൂണി എന്നിവരാണ് ഇതിന് മുമ്പ് ഈ അപൂർവ നേട്ടം കൈവരിച്ച താരങ്ങള്‍.

സെഞ്ചുറിയോടെ വനിതാ ടി20യിൽ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡും സ്മൃതിക്ക് സ്വന്തമായി. 2018‑ൽ ന്യൂസിലൻഡിനെതിരെ ഹർമൻപ്രീത് കൗർ നേടിയ 103 റൺസാണ് മറികടന്നത്. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ നതാലി സ്കിവര്‍ ബ്രന്റ് ഒഴികെ ഇംഗ്ലണ്ട് നിരയില്‍ ആരും പൊരുതിയില്ല. നതാലി 42 പന്തില്‍ 10 ഫോറുകളോടെ 66 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ശ്രീചരണി 12 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റും ദീപ്തി ശര്‍മ്മ, രാധാ യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. 

Exit mobile version