Site icon Janayugom Online

കനത്ത ചൂടിൽ പാമ്പുകൾ മാളങ്ങൾ വിടുന്നു: ജാഗ്രതവേണമെന്ന് വനംവകുപ്പ്

മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകൾ മാളത്തിന് പുറത്തിറങ്ങാൻ തുടങ്ങിയതോടെ ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്. പാമ്പുകളുടെ ഇണചേരൽ സമയമായതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. അതിനാൽ ഇവ നമ്മുടെ പരിസരത്ത് എത്താതെ സൂക്ഷിക്കണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ചൂടിന്റെ കാഠിന്യം കൂടുമ്പോൾ വിഷപാമ്പുകൾ കാടു വിട്ട് വീടുകളിലേക്കെത്തുന്നത് വർധിക്കും. 

കനത്ത ചൂടും വനനശീകരണവും കാരണം മാളങ്ങളിൽ നിന്നു പുറത്തേക്കിറങ്ങുന്ന വിഷപാമ്പുകൾ വീടുകളുടെ മുറിക്കുളളിൽ നിന്നും കിണറുകളിൽ നിന്നുമായി അടുത്ത കാലത്ത് പിടികൂടിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. മൂർഖൻ പാമ്പുകളെയാണ് കൂടുതലായി കണ്ടു വരുന്നത്. ശീതരക്തമുള്ള പാമ്പുകൾ അസഹ്യമായ ചൂടിൽ ശരീര താപനില കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് പുറത്തിറങ്ങുന്നത്. അപകട സാധ്യത മുന്നിൽകണ്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമ്പലപ്പുഴ, പുന്നപ്രഭാഗത്തെ വീടുകളിൽ നിന്ന് കഴിഞ്ഞ ആഴ്ചകകളിൽപിടികൂടിയിരുന്നു. പാടശേഖരങ്ങളും പറമ്പുകളും പാമ്പുകളുടെ വിഹാര കേന്ദ്രമായി. 

പ്രളയത്തിന് ശേഷം വനമേഖലയിൽ മാത്രമുണ്ടായിരുന്ന ഒട്ടേറെ പാമ്പുകൾ ജില്ലയിലുമെത്തി. പ്രളത്തിന്ശേഷം ഒട്ടേറെ അപരിചിത ഇനത്തിലുള്ള പാമ്പുകളെ കാണുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു. പ്രളയത്തിൽ സമീപത്തെ കുറ്റിക്കാടുകളിലെയും മാളങ്ങൾ മൂടിയതോടെ പാമ്പുകൾ പുറത്തുചാടുന്നതും പതിവായി. മുൻകാലങ്ങളേക്കാളും കൂടുതൽ കടിയേൽക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഒക്ടോബർ മുതൽ പാമ്പുകളുടെ പ്രജനന കാലമാണിത്. ഇണചേരൽ കാലത്ത് പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ തേടിയിറങ്ങുന്ന സമയമാണിത്. ചൂടുകൂടിയാൽ ശീതരക്തമുള്ള പാമ്പുകൾ ശരീരത്തിലെ താപനില നിലനിറുത്താൻ നെട്ടോട്ടമോടും. ചവിട്ടുകയോ മറ്റോ ചെയ്താൽ ആഞ്ഞുകൊത്തും. പാമ്പുകളെ കണ്ടാൽ അറിയിക്കാൻ പ്രത്യേക പരിശീലനം നൽകിയ വോളണ്ടിയർമാരെയും വനംവകുപ്പ് ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സർപ്പ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക. കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക. ആൾ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്ക് പാമ്പുകൾ ഇര തേടിയിറങ്ങും. മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Eng­lish Sum­ma­ry: Snakes leave their bur­rows in hot weath­er: For­est depart­ment to be alert

You may also like this video

Exit mobile version