Site iconSite icon Janayugom Online

സ്നേഹഭ്രാന്ത്

വേർപിരിയുവാനായിട്ട് മെല്ലെ
അടുക്കണം നമുക്ക്
നൊമ്പരമെന്തെന്നറിയുവാൻ
അകലണം നമുക്ക്
നെഞ്ചകം പൊട്ടിപ്പിടയുവാൻ
മാത്രമായ് നമുക്ക്
സ്നേഹ വായ്പ്പും കളയണം
കണ്ടാലറിയാതെ ഒരു വാക്കും
മിണ്ടാതെയെതിരെ നടക്കണം
നമ്മളെന്നുരുകിയുറച്ച വാക്കിനെ
നീയെന്നും ഞാനെന്നും തിരിക്കണം
തോൽക്കാതിരിക്കുവാൻ തമ്മിൽ
തോൽപ്പിച്ചു കൊണ്ടേയിരിക്കണം
ആരൊരാൾ, ആരുടെ വരുതിയ്ക്കു-
നിൽക്കുമെന്നാദ്യമേവാതുവച്ചീടണം
സ്വപ്നങ്ങളൊക്കെ കടപുഴക്കി
ഒരുനാളൊരുമിച്ചന്ത്യ നിദ്രയ്ക്കെ -
ന്നൊരുക്കിയ കുഴിയിൽ
നിറയ്ക്കണം
മോഹങ്ങളൊക്കെ കത്തി -
ച്ചൊടുക്കണം
ദുഃഖം പെരുത്തതിൽ നീറി -
യൊടുങ്ങണം
നിന്നെ ഞാൻ പ്രണയിച്ചിടാം
അന്നെന്റെ
ഹൃദയം നിനക്ക് പറിച്ചെടുക്കാം
അടിമുടി നിന്നെ നോവിച്ചതിൽ
ഞാനെന്റെ ഭ്രാന്തിനെ താരാട്ടിടാം

Exit mobile version