Site iconSite icon Janayugom Online

കെ റൈസിന് മികച്ച സ്വീകാര്യത; 195 ടൺ അരി വിതരണം ചെയ്തു: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ റൈസ് ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിക്കുന്നു. ബുധനാഴ്ചയാണ് കെ റൈസ് വിതരണം ആരംഭിച്ചത്. ഇതുവരെ 39,053 റേഷൻ കാർഡ് ഉടമകൾ കെ റൈസ് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ നിന്നും കൈപ്പറ്റിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. 195 ടൺ അരിയാണ് ഇതുവരെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തത്. ആദ്യഘട്ടമായി രണ്ടായിരം മെട്രിക് ടൺ അരിയാണ് കെ റൈസിനായി വാങ്ങിയത്. ഇതിൽ 1100 മെട്രിക് ടൺ അരി സപ്ലൈകോയുടെ 56 ഡിപ്പോകളിലുമായി എത്തിക്കഴിഞ്ഞു. ശനിയാഴ്ചയ്ക്കുള്ളിൽ മുഴുവൻ അരിയും വിതരണത്തിനായി ലഭ്യമാകും.

സപ്ലൈകോയുടെ 1600 ലധികം വില്പനശാലകളിലൂടെയാണ് ശബരി കെ റൈസ് വിതരണം ചെയ്യുന്നത്. 1150 ലധികം വില്പനശാലകളിലും അരി എത്തിക്കഴിഞ്ഞു. അതായത് സപ്ലൈകോയുടെ 70 ശതമാനം ഔട്ട് ലെറ്റുകളിലൂടെയും കെ റൈസ് വിതരണം തുടങ്ങിക്കഴിഞ്ഞു. എല്ലാ ഔട്ട് ലെറ്റുകളിലും ഇന്ന് ഉച്ചയോടെ കെ റൈസ് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്.
ബോക്സ്

വിലക്കുറവുമായി സപ്ലൈകോ ഗോൾഡൻ ഓഫർ

എല്ലാ സബ്സിഡി സാധനങ്ങളും സപ്ലൈകോ വില്പനശാലകളിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സബ്സിഡി ഇതര ഇനങ്ങൾക്കും ഓഫറുകൾ നൽകിക്കൊണ്ട് ‘സപ്ലൈകോ ഗോൾഡൻ ഓഫർ’ എന്ന പേരിൽ ഒരു പുതിയ സ്കീം ആവിഷ്കരിച്ചിട്ടുണ്ട്. വെള്ളക്കടല, ഉലുവ, ഗ്രീൻപീസ്, കടുക്, പിരിയൻ മുളക് തുടങ്ങിയ 15 ഇനം സബ്സിഡിയിതര ഉല്പന്നങ്ങൾക്ക് ഈ സ്കീം പ്രകാരം പൊതു വിപണിയിൽ നിന്നും 15 മുതൽ 30 ശതമാനം വരെ വിലക്കുറവാണ് നൽകുന്നത്.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരിയുടെ 10 ഉല്പന്നങ്ങൾക്കും, പൊതുജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ജനപ്രിയ ബ്രാൻഡുകളുടെ ഇരുപതിൽപരം ഉല്പന്നങ്ങൾക്കും ഗോൾഡൻ ഓഫറിലൂടെ വൻ വിലക്കുറവ് നൽകുന്നുണ്ട്. ഇത്തരം ഉല്പന്നങ്ങൾക്ക് എംആർപിയെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്.
റേഷൻ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മിഷൻ വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ കരാറുകാർക്ക് 2023 ഡിസംബർ, ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകാനുള്ള തുക സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Eng­lish Summary:So far 39,053 ration card hold­ers have bought rice: Min­is­ter GR Anil
You may also like this video

Exit mobile version