പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങൾ ക്രമീകരിച്ചു നൽകുന്നതിനുള്ള സോഫ്റ്റ്‌വേർ സജ്ജമായതായി റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുജനങ്ങൾക്ക് www. klarc. kerala. gov. in എന്ന പോർട്ടൽ ലിങ്കിലൂടെ വെള്ളിയാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാം. കേരള ലാന്റ് അസൈൻമെന്റ് (റഗുലറൈസേഷൻ ഓഫ് കോൺട്രാവെൻഷൻസ്) ചട്ടങ്ങൾ 2025 പ്രകാരമുള്ള പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങളാണ് ക്രമീകരിച്ചുനൽകുക. ഇതിനുള്ള പോർട്ടലിൽ എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് മനസിലാക്കാനുള്ള വീഡിയോയുമുണ്ട്. താമസത്തിനുളള കെട്ടിടങ്ങളും 3000 ചതുരശ്ര അടി വരെയുളള വാണിജ്യ കെട്ടിടങ്ങളുടെയും നിർമ്മിതികൾ ക്രമവൽക്കരിക്കാനുളള ഫോറം എ, പൊതു ഇടങ്ങൾ, പൊതു കെട്ടിടങ്ങൾ, എയ്ഡഡ് സ്കൂൾ കെട്ടിടങ്ങൾ എന്നിവയ്ക്കായുള്ള ഫോറം ബി, ഇവയിൽ ഉൾപ്പെടാത്തവയ്ക്കായുള്ള ഫോറം ഡി എന്നിവയുണ്ട്. ചെലാൻ അടയ്ക്കൽ വരെ പൂർണമായും ഓൺലൈൻ ആണ്.
വരുമാന പരിധി 2.5 ലക്ഷമാക്കി
നഗരങ്ങളിലും ഗ്രാമങ്ങളിലും പട്ടയ വിതരണത്തിന് നിലവിലുണ്ടായിരുന്ന വരുമാന പരിധി 2.5 ലക്ഷമാക്കിയതായി റവന്യു മന്ത്രി കെ രാജന്‍. മുനിസിപ്പൽ, കോർപറേഷൻ പരിധിയിൽ രണ്ടര ലക്ഷമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതിവിനായുള്ള 65ലെ ഭൂപതിവ് ചട്ടം ഭേദഗതി വരുത്തി ഒരുലക്ഷം രൂപയിൽനിന്ന് 2.5 ലക്ഷമാക്കുന്നത്. ഭൂരേഖയ്ക്കുവേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസമാകുന്നതാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
സുവീഥി പോര്‍ട്ടല്‍ സജ്ജം
ഫ്ലഡ് റോഡുകളുടെ നിർമ്മാണ അനുമതി മുതൽ ബിൽ വിതരണം വരെയുള്ള എല്ലാ പ്രവൃത്തികൾക്കുമായി സുവീഥി പോർട്ടൽ ദുരന്തനിവാരണ വകുപ്പ് സജ്ജീകരിച്ചതായി മന്ത്രി പറഞ്ഞു. ജനപ്രതിനിധികൾക്ക് പ്രകൃതി ദുരന്തത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് അപേക്ഷിക്കാനും ആയതിന്റെ അനുമതി മുതൽ അന്തിമ ബിൽ സമർപ്പണം വരെയുളള പുരോഗതിയും ഓൺലൈനായി നിരീക്ഷിക്കാം.

