സമാജ്‌വാദി പാർട്ടി (എസ്‌പി)യുടെ ലഖ്നൗ ആസ്ഥാനമന്ദിരത്തിൽ അടുത്തദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ട ബാനർ “യുപി +ബിഹാർ= ഗയി മോഡിസർക്കാർ” (യുപി + ബിഹാർ = പോയി മോഡിസർക്കാർ) എന്നത് 2024 ലെ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള പ്രതിപക്ഷപാർട്ടികളുടെ പ്രതീക്ഷകളുടെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. അത് മോഡി ഭരണകൂടത്തിനെതിരെ ജനങ്ങൾക്കിടയിലും പ്രതിപക്ഷപാർട്ടികൾക്കിടയിലും വളർന്നുവരുന്ന വികാരത്തെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ബിഹാറിലെ ഭരണമാറ്റത്തെ തുടർന്ന് നരേന്ദ്രമോഡിയുടെ ഭരണം അവസാനിപ്പിക്കാനുള്ള പ്രതിപക്ഷപാർട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കാൻ ശ്രദ്ധേയമായ നീക്കങ്ങളാണ് നടന്നുവരുന്നത്. നിതീഷ്‌കുമാർ ജെഡിയു-ആർജെഡി സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി അധികാരം ഏറ്റതിനെതുടർന്ന് പ്രതിപക്ഷ ഐക്യനീക്കം ശക്തിപ്പെട്ടിട്ടുണ്ട്. നിതീഷ്‌കുമാർ ഡൽഹിയിൽ സിപിഐ, സിപിഐ(എം) ജനറൽ സെക്രട്ടറിമാർ അടക്കം ഏതാണ്ട് എല്ലാ പ്രതിപക്ഷപാർട്ടി നേതാക്കളെയും സന്ദർശിക്കുകയുണ്ടായി. സോണിയഗാന്ധി വിദേശത്തുനിന്നും തിരിച്ചെത്തുന്ന മുറയ്ക്ക് നിതീഷ്‌കുമാറും ലാലുപ്രസാദ് യാദവും അവരെ സന്ദർശിക്കുമെന്നും പ്രഖാപിച്ചിട്ടുണ്ട്. അത് അടുത്ത ദിവസങ്ങൾ വരെ അനിശ്ചിതത്വത്തിലായിരുന്ന പ്രതിപക്ഷ ഐക്യശ്രമങ്ങൾക്ക് വേഗത കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജെഡിയു, ആർജെഡി നേതാക്കൾ കോൺഗ്രസിനോടുള്ള സമീപനം തികഞ്ഞ യാഥാർത്ഥ്യബോധത്തോടെയാണ് വിലയിരുത്തുന്നത്. ലോക്‌സഭയിലെ കോൺഗ്രസിന്റെ അംഗബലവും രാജ്യത്ത് ആ പാർട്ടിയുടെ സാന്നിധ്യവും അവഗണിച്ചുകൊണ്ട് ബിജെപിക്ക് എതിരായ ഒരു രാഷ്ട്രീയ ബദലിനെപ്പറ്റി ചിന്തിക്കാനാവില്ല എന്ന വ്യക്തമായ നിലപാടാണ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്. മറ്റു പ്രതിപക്ഷപാർട്ടികളുടെ ശേഷി സംസ്ഥാനങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യവും അദ്ദേഹം അംഗീകരിക്കുന്നു. പ്രതിപക്ഷ ഐക്യം ദേശീയതലത്തിൽ സാധ്യമായാൽ അത് പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ ശക്തമായ പ്രതിഫലനം സൃഷ്ടിക്കും. അതിൽ ഹിന്ദി ഹൃദയഭൂമിയിലെ വലിയ സംസ്ഥാനങ്ങളായ യുപിയിലും ബിഹാറിലും ഉണ്ടാവുന്ന രാഷ്ട്രീയമാറ്റം നിർണായകമാകും. യുപി നിയമസഭാ തെരഞ്ഞെ ടുപ്പിൽ ബിജെപിക്ക് 41.29 ശതമാനം വോട്ടുകളും 246 സീറ്റുകളും ലഭിക്കുകയുണ്ടായി. സീറ്റുകളുടെ കാര്യത്തി ൽ 2017 നെക്കാൾ 57 എണ്ണം കുറവാണ് അവർക്ക് ലഭിച്ചത്. എന്നാൽ മുഖ്യ പ്രതിപക്ഷമായ എസ്‌പിക്കാകട്ടെ സീറ്റുകളുടെയും വോട്ടുകളുടെയും കാര്യത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായി. 2017 ൽ 47 സീറ്റുകളും 21.82 ശതമാനം വോട്ടും മാത്രമുണ്ടായിരുന്ന അവർക്ക് ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ 111 സീറ്റുകളും 32.06 ശതമാനം വോട്ടുകളും നേടാനായി. ബിഎസ്‌പിക്ക് 13 ഉം ആർഎൽഡിക്ക് മൂന്നും കോൺഗ്രസിന് രണ്ടും ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു.
ഇതുകൂടി വായിക്കൂ: ഗാന്ധിക്കു പകരം മോഡിയോ?
പ്രതിപക്ഷത്തിന് ഒരുമിച്ചുനിൽക്കാനായാൽ ബിജെപിക്ക് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനാവില്ല. ആ തെരഞ്ഞെടുപ്പിൽ ബിജെപി യൂപിയിൽനിന്നും 62 സീറ്റുകൾ നേടിയിരുന്നു. ബിഹാറിൽ ഇപ്പോഴത്തെ ജനങ്ങളുടെ ചിത്തവൃത്തി മഹാഗഢ്ബന്ധന് അനുകൂലമാണ്. അതുനിലനിർത്താനായാൽ ബിജെപി അവിടെ കനത്ത തിരിച്ചടിയെ നേരിടേണ്ടിവരും. ബിജെപി മഹാഗഢ്ബന്ധന് കാര്യമായ വെല്ലുവിളിയേ അല്ല. എന്നാൽ അമിത്ഷാ മുസ്‌ലിം ഭൂരിപക്ഷ സീമാഞ്ചല്‍ മേഖലയിൽ വർഗീയ വിദ്വേഷം ആളിക്കത്തിക്കാൻ നടത്തുന്ന ശ്രമങ്ങൾ സഖ്യശക്തി നേതാക്കളിൽ തെല്ല് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ നിതീഷും തേജസ്വിയും ബിജെപി പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. വരാൻപോകുന്ന ദിനങ്ങൾ പ്രതിപക്ഷപാർട്ടികൾക്കു നിർണായകമാണ്. ബിജെപി നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തിൽ എല്ലായിപ്പോഴും തെരഞ്ഞെടുപ്പിന് സജ്ജമായി നിലകൊള്ളുന്ന പാർട്ടിയാണ്.
പൊതുതെരഞ്ഞെടുപ്പിനു പതിനെട്ടുമാസങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും അവർ ഇപ്പോൾത്തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ബോണ്ടുകൾവഴിയും അധികാരത്തിന്റെ സമസ്ത സാധ്യതകൾ ഉപയോഗിച്ചും സമാഹരിച്ച പണക്കൂമ്പാരത്തിനുമേൽ ഇരുന്നാണ് അവർ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ മോഡി നേതൃത്വം നൽകുന്ന ചങ്ങാത്ത മുതലാളിത്ത, വർഗീയ ഫാസിസ്റ്റ് ഭരണത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ജനകോടികളെ ഒരുമിച്ച് അണിനിരത്തുന്നതിനു പ്രതിപക്ഷ ഐക്യം കൈവരിക്കാനായാൽ ബിജെപിക്ക് എതിരെ ശക്തമായ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാനാവും. രാജ്യത്തിന്റെയും രാജ്യം നാളിതുവരെ ഉയർത്തിപ്പിടിച്ചുപോന്ന ജനാധിപത്യ മൂല്യങ്ങളുടെയും നിലനില്പിന് ബിജെപി അധികാരത്തിൽനിന്ന് പുറത്തുപോയേ മതിയാവു. രാജ്യത്തെ പ്രതിപക്ഷപാർട്ടികൾ ആ യാഥാർത്ഥ്യം വൈകിയെങ്കിലും തിരിച്ചറിയുന്നു എന്നതിന്റെ ശുഭസൂചനകളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ പന്ത്രണ്ടു സംസ്ഥാനങ്ങൾ ഭരിക്കുന്ന പ്രതിപക്ഷപാർട്ടികളും ഇതര ബിജെപി വിരുദ്ധശക്തികളും കൈകോർത്താൽ മോഡിഭരണത്തിന് അന്ത്യംകുറിക്കാനാവും എന്നകാര്യത്തിൽ സംശയത്തിന് ഇടമില്ല.
You may also like this v ideo;