Site iconSite icon Janayugom Online

ക്രിസ്റ്റീന ഫെർണാണ്ടസിന് ഐക്യദാര്‍ഢ്യം; അര്‍ജന്റീനയില്‍ ബഹുജന റാലി

അര്‍ജന്റീന മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്ച്‌നര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹുജന റാലി. സാമൂഹിക പ്രസ്ഥാനങ്ങൾ, ട്രേഡ് യൂണിയനുകൾ, കമ്മ്യൂണിറ്റി സംഘടനകൾ, രാഷ്ട്രീയ ഗ്രൂപ്പുകൾ എന്നിവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രകടനങ്ങള്‍ നടന്നുവരികയാണ്.
പതിനായിരത്തിലധികം പേരാണ് പ്ലാസ ഡി മായോയിൽ ഒത്തുകൂടിയത്. ക്രിസ്റ്റീനയുടെ വസതിക്ക് മുന്നില്‍ നിന്നാണ് റാലികള്‍ ആരംഭിച്ചത്. ഭരണകൂടത്തിന് തന്നെ തുറങ്കിലടയ്ക്കാമെന്നും എന്നാല്‍ അര്‍ജന്റീനന്‍ ജനതയെ അടിച്ചമര്‍ത്താനാവില്ലെന്നും ജനക്കൂട്ടത്തിനായി പ്രക്ഷേപണം ചെയ്ത ഓഡിയോ സന്ദേശത്തിൽ ക്രിസ്റ്റീന പറഞ്ഞു. രാജ്യത്തെ പ്രധാന തൊഴിലാളി ഫെഡറേഷനായ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബറും (സിജിടി) മാര്‍ച്ചിന്റെ ഭാഗമാണ്. 

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ക്രിസ്റ്റീനയ്ക്ക് കോടതി ആറ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് ക്രിസ്റ്റീന. രണ്ട് തവണ പ്രസിഡന്റായും വൈസ് പ്രസിഡന്റ്, സെനറ്റർ, ഡെപ്യൂട്ടി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ക്രിസ്റ്റീന തീവ്ര വലതുപക്ഷ പ്രസിഡന്റ് ജാവിയർ മിലിക്കെതിരായ അർജന്റീനിയൻ പ്രതിപക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. 

Exit mobile version