Site iconSite icon Janayugom Online

പലസ്തീന്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കുക: കാനം രാജേന്ദ്രന്‍ 

നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ സിപിഐ പലസ്തീന്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കും. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍, സെമിനാറുകള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളോടും അഭ്യര്‍ത്ഥിച്ചു. പലസ്തീനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തെ തുടര്‍ന്ന് ഗാസ മുനമ്പിലെ സാഹചര്യങ്ങള്‍ ദിനംപ്രതി വഷളാവുകയാണ്. ഏകദേശം പത്ത് ലക്ഷം ജനങ്ങളാണ് വടക്കന്‍ ഗാസയില്‍ നിന്ന് ദക്ഷിണ ഗാസയിലേയ്ക്ക് പലായനം ചെയ്തത്. ഈ പലായനം ചെയ്യുന്നവരുടെ നേരെയും ഇസ്രയേലിന്റെ ബോംബ് ആക്രമണമുണ്ടായി.
ഗാസയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ജലം, വൈദ്യുതി, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ അമേരിക്ക നിഷേധിച്ചതിന്റെ ഫലമായി കടുത്ത പ്രതിസന്ധിയാണ് ആശുപത്രികളും മറ്റു അവശ്യ സേവനങ്ങളും നേരിടുന്നത്. ജനജീവിതം അതീവ ദുരിതപൂര്‍ണമായി. അല്‍ അഹേലി ഹോസ്പിറ്റലിന് നേരെയുണ്ടായ ആക്രമണത്തില്‍ അനേകം നിരപരാധികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഏകദേശം അയ്യായിരത്തിന് മുകളില്‍ പലസ്തീനിയര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അല്‍ സഹര്‍ എന്ന പ്രദേശത്തെ മുഴുവനായും ഇസ്രയേല്‍ സൈന്യം ബോംബ് വര്‍ഷിച്ച് നശിപ്പിച്ചു. ഇപ്പോള്‍ വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം അതിശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്.
ഇസ്രയേലിന് അകത്ത് ജീവിക്കുന്ന ഇരുപത് ലക്ഷത്തോളം വരുന്ന പലസ്തീനിയരും കഠിനമായ ആക്രമണങ്ങളെയും വിവേചനങ്ങളെയും നേരിടുകയാണ്. കായികമായ ആക്രമണങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളെ സര്‍വകലാശാലകളില്‍ നിന്നും തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും അവരുടെ തസ്തികകളില്‍ നിന്നും പിരിച്ചുവിട്ടു. 1948ലേതിന് സമാനമായി ഗാസയില്‍ വസിക്കുന്ന പലസ്തീന്‍ ജനതയെ ഈജിപ്തിലേക്കും വെസ്റ്റ് ബാങ്കിലുള്ളവരെ ജോര്‍ദാനിലേക്കും പൂര്‍ണമായും തുരത്തി ഇരു പ്രദേശങ്ങളും കീഴടക്കാനുമാണ് ഇസ്രയേലിന്റെ പദ്ധതി. ഗാസയിലേയ്ക്ക് മാനുഷിക സഹായങ്ങളും അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയൊരു ഇടനാഴി സ്ഥാപിക്കാനും ആവശ്യപ്പെട്ട് ബ്രസീലും റഷ്യയും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തിരുന്നു.
1947 മുതലേ പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് സിപിഐ നിലകൊള്ളുന്നത്. പിഎല്‍ഒയെ അംഗീകരിച്ച ആദ്യ അറബിതര രാജ്യമാണ് ഇന്ത്യ. 1988ല്‍ പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച ആദ്യ രാജ്യവും ഇന്ത്യയാണ്. ഇത്തരം ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനെ സ്വാധീനിച്ചതും ഇവയില്‍ നിര്‍ണായക പങ്ക് വഹിച്ചതും ജനകീയ അഭിപ്രായമാണ്. പലസ്തീന്‍ ജനത കഴിഞ്ഞ എഴുപത്തിയഞ്ചു വര്‍ഷങ്ങളായി ഇസ്രയേലിന്റെ അധിനിവേശത്തിന് ഇരകളാണ്. ഇതിന് ഒരു അവസാനം കുറിക്കപ്പെടണമെന്നും കിഴക്കന്‍ ജെറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകണം എന്നും അഭയാര്‍ത്ഥികളായി ലോകത്തിന്റെ അനവധി കോണുകളിലേയ്ക്ക് പലായനം ചെയ്ത പലസ്തീനിയര്‍ക്ക് തിരികെ വരാനുമുള്ള അവകാശമുണ്ടെന്നുമാണ് സിപിഐയുടെ നയം.
ചരിത്രപരമായി ഇന്ത്യ പലസ്തീനൊപ്പം നിലകൊണ്ട രാജ്യമാണ്. എന്നാല്‍ മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഒരു നയവ്യതിയാനം സംഭവിക്കുന്നുണ്ട്. ഇസ്രയേലും അമേരിക്കയുമായിട്ടുള്ള ചങ്ങാത്തത്തിന്റെ ഫലമായി പലസ്തീന്‍ ജനതയ്ക്ക് നല്‍കിയിരുന്ന പിന്തുണയില്‍ നിന്ന് ഇന്ത്യ വ്യതിചലിച്ചു. ബ്രിക്‌സ് രാജ്യങ്ങളിലും ആഗോള ദക്ഷിണ രാജ്യങ്ങളിലും ആദ്യമേ ഇസ്രയേലിന് പിന്തുണ നല്‍കിയത് ഇന്ത്യയാണ്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി പലസ്തീനൊപ്പം നിലകൊണ്ടു. ലോക രാജ്യങ്ങളുടെ വലിയൊരു പങ്കും പലസ്തീന്‍ ജനതയോട് ഐക്യപ്പെടുന്നതോടെ ഇന്ത്യ ഇസ്രയേല്‍ അനുകൂല നിലപാട് തിരുത്തി. ഇന്ത്യ ഗവണ്‍മെന്റ് അടിയന്തരമായി പലസ്തീന് പിന്തുണ നല്‍കി സംഘര്‍ഷങ്ങള്‍ അവസാനിക്കാനും വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കാനും വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Eng­lish Sum­ma­ry: Sol­i­dar­i­ty with Palestine
You may also like this video
Exit mobile version