പെഷൻ കൈപറ്റനായി അമ്മയുടെ വേഷം കെട്ടി ആള്‍മാറാട്ടം നടത്തിയ മകനെ പൊലീസ് പിടികൂടി. ഇറ്റലിയിലാണ് സംഭവം. മരിച്ചുപോയ അമ്മയുടെ പെൻഷൻ തുടര്‍ന്നും ലഭിക്കാനാണ് ഇത്തരം നാടകം. മൂന്ന് വര്‍ഷത്തോളമാണ് ഇയാള്‍ അമ്മയായി വേഷമിട്ട് അധികൃതരെ കബളിപ്പിച്ചത്. തൊഴില്‍ രഹിതനായ പ്രതിക്ക് അമ്മയുടെ പെൻഷനും മൂന്ന് വീടുകളുടെ പ്രോപ്പർട്ടി പോർട്ട്ഫോളിയോയും വഴി ഏകദേശം 50 ലക്ഷം രൂപ വാർഷിക വരുമാനമായി ലഭിച്ചെന്നാണ് കണക്ക്.
2022 ലാണ് 82കാരിയായ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ മരിച്ചത്. എന്നാൽ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാതെ മകൻ മൃതദേഹം കുടുംബ വീട്ടിൽ സൂക്ഷിച്ചു. മരണവിവരം ആരെയും അറിയിക്കാതെ മേക്കപ്പിട്ട് അമ്മയെപ്പോലെയായി വേഷം മാറി പെൻഷൻ തുക കൈപ്പറ്റി. തിരിച്ചറിൽ കാർഡ് പുതുക്കാനും മകൻ അമ്മയുടെ വേഷത്തിലെത്തി. എന്നാല്‍ സർക്കാർ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് കള്ളി വെളിച്ചത്താക്കിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിലെ അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

