മിസോറാമില്‍ ഇസഡ്‌പിഎം തരംഗം. 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മിസോറാം ഇനി പുതിയ പാര്‍ട്ടി ഭരിക്കും. ഭരണകക്ഷിയായ എംഎൻഎഫ് അധികാരത്തില്‍ നിന്ന് പുറത്തായി. 40 ൽ 27 സീറ്റുകളിൽ വിജയിച്ച സോറം പീപ്പിൾസ് മൂവ്‌മെന്റ് (ഇസഡ്പിഎം) ഭൂരിപക്ഷം ഉറപ്പിച്ചു. എംഎന്‍എഫും കോണ്‍ഗ്രസും മാറി മാറി അധികാരത്തിലിരുന്നതായിരുന്നു മിസോറാമിന് ഇതുവരെ ഉണ്ടായിരുന്ന ചരിത്രം. രൂപീകരിച്ച് നാലു വർഷം മാത്രമായ ഇസഡ്‌പിഎം പാർട്ടി സംസ്ഥാനത്തെ കടുത്ത ഭരണവിരുദ്ധ വികാരത്തിന്റെ തണലില്‍ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.
മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറം നാഷണലിസ്റ്റ് പാര്‍ട്ടി, സോറം എക്‌സോഡസ് മൂവ്മെന്റ്, സോറം ഡിസെന്‍ട്രലൈസേഷന്‍ ഫ്രണ്ട്, സോറം റിഫോര്‍മേഷന്‍ ഫ്രണ്ട്, മിസോറാം പീപ്പിള്‍സ് പാര്‍ട്ടി എന്നിങ്ങനെ ആറ് പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇസഡ്പിഎം. ആഞ്ഞുവീശിയ സോറം തരംഗത്തില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം എംഎന്‍എഫ് 26 സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ 10 സീറ്റ് മാത്രമേ നേടാനായുള്ളു. 2018ല്‍ അഞ്ച് സീറ്റ് നേടിയ കോണ്‍ഗ്രസാകട്ടെ ഒന്നിലൊതുങ്ങി. ബിജെപി ഒന്നില്‍ നിന്നും രണ്ടായി സീറ്റുനില ഉയര്‍ത്തിയിട്ടുണ്ട്.
എംഎൻഎഫ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ സോറം തങ്ക ഐസ്വാൾ ഈസ്റ്റ് ഒന്നിൽ 2101 വോട്ടുകൾക്ക് ഇസഡ്പിഎമ്മിന്റെ ലാൽതൻസങ്കയോട് പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രി തവൻലൂയും 909 വോട്ടുകൾക്ക് അടിയറവ് പറഞ്ഞു. സെർച്ചിപ്പ് മണ്ഡലത്തിൽ ഇസഡ്പിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമ 2982 വോട്ടുകളുടെ മിന്നും വിജയം നേടി. എംഎന്‍എഫിന്റെ സ്ഥാനാര്‍ത്ഥി ജെ മല്‍സോംസുവാല വാന്‍ചൗങ്ങിനെയാണ് ലാല്‍ദുഹോമ പിന്നിലാക്കിയത്. മന്ത്രിസഭ രൂപീകരിക്കാൻ എംഎൽഎമാരുടെ യോഗം ഇന്ന് ചേരുമെന്നും ആരുമായും സഖ്യത്തിനില്ലെന്നും തനിച്ച് ഭരിക്കുമെന്നും ഇസഡ്പിഎം നേതാക്കൾ വ്യക്തമാക്കി.
English Summary:
Soram People to power in Mizoram after overthrowing MNF
You may also like this video: