രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ വിധിയെഴുതാനിരിക്കെ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കാലിടറുന്നു. സമാജ് വാദി പാര്‍ട്ടി, ആര്‍എല്‍ഡി സഖ്യം കളംപിടിച്ചെടുക്കുന്നതാണ് ദൃശ്യമായിട്ടുള്ളത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വന്തം ശക്തികേന്ദ്രങ്ങളില്‍പോലും വോട്ട് കുറഞ്ഞുവെന്നാണ് വിലയിരുത്തലുകള്‍.
സഹാറണ്‍പൂർ, ബിജ്‌നോർ, അംറോഹ, മൊറാദാബാദ്, രാംപൂർ, സംഭാൽ, ബറേലി, ബദൗൺ, ഷാജഹാൻപൂർ എന്നീ ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി തരംഗം ആഞ്ഞുവീശിയ 2017 തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളില്‍ 38 എണ്ണം ബിജെപി വിജയിച്ചപ്പോൾ സമാജ്‌വാദി പാർട്ടിക്ക് 17 ഉം കോൺഗ്രസിന് രണ്ട് സീറ്റും ലഭിച്ചിരുന്നു.
രാംപൂര്‍, മൊറാദാബാദ്, ബിജ്നോര്‍, അംറോഗ എന്നീ ജില്ലകളില്‍ 40 ശതമാനത്തിന് മുകളില്‍ മുസ്ലിം ജനസംഖ്യയുണ്ട്. ബറേലിയില്‍ മുസ്ലിം ജനസംഖ്യ 35 ശതമാനത്തിനടുത്തുവരും. ആര്‍എല്‍ഡിയുടെ ഉറച്ച വോട്ട് ബാങ്ക് ജാട്ട് സമുദായമാണ്. അംറോഹ, സഹാരണ്‍പുര്‍, മൊറാദാബാദ് ജില്ലകള്‍ ഇക്കാരണത്താല്‍ ആര്‍എല്‍ഡി ശക്തികേന്ദ്രങ്ങളാണ്.
2013 ലെ മുസാഫര്‍നഗര്‍ കലാപത്തെത്തുടര്‍ന്ന് ഉണ്ടായ ജാട്ട്-മുസ്ലിം ധ്രുവീകരണത്തിന്റെ ഗുണഫലം അനുഭവിച്ചത് ബിജെപിയായിരുന്നു. എന്നാല്‍ കര്‍ഷക സമരം ഇരു വിഭാഗങ്ങളുടെയും കൂടിച്ചേരലിന് വഴിയൊരുക്കി. ഈ ഘടകം ഒന്നാംഘട്ട പോളിങ്ങിലും ബിജെപിക്ക് വെല്ലുവിളിയായി മാറിയിരുന്നു.
മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ റാലികള്‍ നടത്തി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ഈ വിലയിരുത്തലില്‍ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഹാരണ്‍പുരിലും കാസ്ഗഞ്ചിലും നേരിട്ടെത്തി പ്രസംഗിക്കുകയും ഹത്രാസ്, ഫിറോസാബാദ്, ഇറ്റാ, ഫാറൂഖാബാദ് എന്നിവിടങ്ങളില്‍ വിര്‍ച്വല്‍ റാലികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
മറുവശത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെ ആള്‍ക്കൂട്ടം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും ആർഎൽഡി തലവൻ ജയന്ത് ചൗധരിയുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിലും കാർഷിക നിയമങ്ങളിലും ബിജെപിയുടെ പരാജയം മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് സഖ്യം നടത്തുന്നത്. ഒന്നാംഘട്ടം കഴിഞ്ഞതോടെ സംസ്ഥാനത്തെ മത്സരം ബിജെപിയും എസ്‌പി-ആര്‍എല്‍ഡി സഖ്യവും തമ്മിലായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസിനും ബിഎസ്‌പിക്കും സംസ്ഥാനത്ത് വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
English Summary: SP-RLD alliance takes the field; BJP steps foot in UP
You may like this video also