ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കി സ്‌പേസ് എക്‌സ്. പൊളാരിസ് ഡോൺ ദൗത്യം പൂർത്തിയാക്കിയ യാത്രികർ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയിൽ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്നാണ് നാസ പ്രശംസിച്ചത്. സ്‌പേസ് എക്‌സ് എഞ്ചിനീയർമാരായ അന്നാ മേനോൻ, സാറാ ഗിലിസ് എന്നിവർക്ക് പുറമെ, വിരമിച്ച എയർഫോഴ്‌സ് പൈലറ്റായ സ്കോട്ട് പൊറ്റീറ്റ്, ശതകോടീശ്വരൻ ജാറഡ് ഐസക്മാൻ എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
പൊളാരിസ് ഡോൺ ദൗത്യത്തിന് ഉപയോഗിച്ച സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം 1,408 കിലോമീറ്റർ ഉയരത്തിലാണ് ബഹിരാകാശ നടത്ത ദൗത്യം നടത്തിയത്. വ്യാഴാഴ്ച ഐസക്മാനും സ്‌പേസ് എക്‌സ് എഞ്ചിനീയർ സാറ ഗില്ലിസും ചേർന്നായിരുന്നു ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്. ദൗത്യം പൂർത്തിയാക്കിയ ശേഷം മെക്‌സിക്കോ ഉൾക്കടലിൽ വന്ന് പതിച്ച ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ നിന്ന് വൈകാതെ നാല് യാത്രികരെയും സ്പേസ് എക്സ് അധികൃതർ പുറത്തെത്തിച്ചു.