സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായ സ്പേസ് ഡോക്കിങ് വീണ്ടും മാറ്റി. മൂന്നാമത്തെ തവണയാണ് നിര്‍ണായക ദൗത്യം ഐഎസ്ആര്‍ഒ മാറ്റിവയ്ക്കുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഐഎസ്ആര്‍ഒ ഡോക്കിങ് ശ്രമം ആരംഭിച്ചത്. രണ്ട് ഉപഗ്രഹങ്ങള്‍ക്കിടയിലെ ദൂരം ആദ്യം 230 മീറ്ററില്‍ നിന്ന് 15 മീറ്ററായി കുറച്ചു. തുടര്‍ന്നാണ് ഡോക്കിങ്ങിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 15 മീറ്ററില്‍ നിന്ന് മൂന്ന് മീറ്ററിലേക്ക് ദൂരം കുറയ്ക്കുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്നങ്ങളുടലെടുക്കുകയായിരുന്നു. ഡോക്കിങ് സെന്‍സറുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നതായി കണ്ടെത്തി. നേരിയ പിഴവുകള്‍ പോലും ഗുരുതരമായ വീഴ്ചകള്‍ക്ക് കാരണമായേക്കുമെന്നതിനാല്‍ ഡോക്കിങ് ശ്രമം റദ്ദാക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ ഉപഗ്രഹങ്ങള്‍ നിശ്ചിത അകലത്തില്‍ തുടരുകയാണ്. വിശദമായ പരിശോധനയ്ക്കും വിശകലനത്തിനും ശേഷമായിരിക്കും വീണ്ടും ഡോക്കിങ് ശ്രമം നടത്തുക.
സ്പേഡക്സ് ദൗത്യം വീണ്ടും മാറ്റി; ഉപഗ്രഹങ്ങള്‍ സുരക്ഷിത അകലത്തില്‍

