വീട്ടുജോലികളില്‍ പുരുഷന്റെ സംഭാവന ഉറപ്പുവരുത്താന്‍ പുതിയ ആപ്പ് വരുന്നു. സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പെയിന്‍ സര്‍ക്കാരാണ് പുതിയ ആപ്പിക്കേഷന്‍ അവതരിപ്പിക്കുന്നത്. കുടുംബത്തിലെ ഓരോ അംഗങ്ങളും വീട്ടുജോലികള്‍ക്കായി എത്ര സമയം ചെലവഴിക്കുന്നുവെന്ന് ആപ്പിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് ഇക്വാലിറ്റി വകുപ്പ് സെക്രട്ടറി ആഞ്ചല റൊഡ്രിഗൂസ് പറഞ്ഞു. സ്ത്രീകള്‍ക്ക് മേല്‍ വരുന്ന വീട്ടുജോലികളുടെ അമിതഭാരം ഏറെ മാനസികബുദ്ധിമുട്ടിന് കാരണമാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ വിവേചനം തടയുന്നതിനുള്ള യുഎന്‍ കമ്മിറ്റിയുടെ ജെനീവയില്‍ നടക്കുന്ന യോഗത്തിനിടെയാണ് സ്പെയിന്‍ പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. അധികം വൈകാതെ ഞങ്ങള്‍ ആപ്പ് പുറത്തിറക്കും. വീട്ടുജോലികള്‍ തരംതിരിച്ച് നല്‍കിയായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം. ഇതിലൂടെ ഓരോരുത്തരും എത്ര സമയമെടുത്താണ് ജോലികള്‍ തീര്‍ത്തതെന്നും എന്തെല്ലാം ജോലികള്‍ പൂര്‍ത്തിയാക്കിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
2,11,750 യൂറോയാണ് പദ്ധതി നടപ്പാക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ആണ്‍മക്കള്‍, പെണ്‍മക്കള്‍, അച്ഛന്‍, അമ്മ, പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ജോലി പങ്കുവയ്ക്കുന്നതിന് പ്രോത്സാഹനം ആകുമെന്നും അവര്‍ പറയുന്നു. വീട്ടിലേക്ക് ആവശ്യമായതുള്‍പ്പെടെയുള്ള ചെലവുകള്‍ വീതിക്കുന്നതിനും ആപ്പിലൂടെ സൗകര്യമൊരുക്കും.
English Sammury: Spain is planning to launch an application to track how much time each household or family member spends on household duties