Site icon Janayugom Online

സ്പീക്കറുടെ പ്രസ്താവന: ശബരിമല മോഡല്‍ കലാപാഹ്വാനവുമായി ബിജെപി

ശാസ്ത്രബോധം വളർത്തേണ്ടതിനെക്കുറിച്ചുള്ള സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന ഉയർത്തി സംസ്ഥാനത്ത് ബോധപൂർവം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കവുമായി ബിജെപി. ശബരിമല പ്രതിഷേധകാലത്ത് പരീക്ഷിച്ച് പരാജയപ്പെട്ട നീക്കമാണ് ഒരിക്കൽക്കൂടി പയറ്റാൻ ശ്രമം ആരംഭിച്ചിട്ടുള്ളത്. ഷംസീറിനെതിരെ ഹിന്ദു സമുദായ സംഘടനകളെ യോജിപ്പിച്ച് സമരത്തിനിറങ്ങുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറ‍ഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നടന്ന നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. എൻഎസ്എസ് തങ്ങളുടെ സ്വാധീനവലയത്തിലാണെന്ന വിശ്വാസത്തിലാണ് ബിജെപിയുടെ പുതിയ നീക്കം.

ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ എന്ന പ്രസ്താവനയും കെ സുരേന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായി. പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദം നേരിടുന്ന സാഹചര്യത്തിലാണ് പിടിച്ചുനിൽക്കാനുള്ള വഴിയായി ഷംസീറിന്റെ പ്രസംഗത്തെ ഉപയോഗപ്പെടുത്താന്‍ കെ സുരേന്ദ്രന്റെ നീക്കം. എൻഡിഎയുടെ ഭാഗമായ ബിഡിജെഎസ് ചില പ്രസ്താവനകൾ നടത്തിയെങ്കിലും എസ്എൻഡിപി ഉൾപ്പെടെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ ബിജെപിക്ക് ഒപ്പമില്ല. എൻഎസ്എസിൽ വലിയൊരു വിഭാഗം നേതൃത്വത്തിന്റെ നിലപാടിൽ അമർഷമുള്ളവരാണ്. ഇക്കാര്യം വ്യക്തമായി അറിയാമെങ്കിലും പരമാവധി പ്രശ്നം കത്തിച്ചു നിർത്താനാണ് കെ സുരേന്ദ്രന്റെ തീരുമാനം.

പാഠപുസ്തകങ്ങളിൽ ശാസ്ത്രസത്യങ്ങൾക്ക് പകരം മിത്തുകൾ നിറയ്ക്കുന്ന കാലത്ത് ശാസ്ത്രബോധത്തെക്കുറിച്ച് പറഞ്ഞതിനെയാണ് മതനിന്ദയായി വ്യാഖ്യാനിച്ച് സംഘ്പരിവാർ സംഘടനകൾ കലാപ നീക്കം നടത്തുന്നത്. നോമ്പെടുക്കുന്ന, പള്ളിയിൽ പോവുന്ന ഇസ്ലാംമത വിശ്വാസിയായ ഷംസീർ ഹിന്ദുക്കളുടെ ആരാധനാ മൂർത്തികളെ അപമാനിക്കുന്നത് പ്രതിഷേധാർഹമാണെന്ന കെ സുരേന്ദ്രന്റെ പ്രതികരണം പച്ചയായ വർഗീയതയും ഇരുവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണ്. ബിജെപിയുടെ വർഗീയ നീക്കങ്ങളെ ശബരിമല പ്രക്ഷോഭകാലത്തിലേതുപോലെ ഏറ്റെടുക്കുകയാണ് കോൺഗ്രസ് നേതാക്കളും ചെയ്യുന്നത്.

Eng­lish Sum­ma­ry: Speak­er’s state­ment: BJP is try­ing to cre­ate riots
You may also like this video

Exit mobile version