Site icon Janayugom Online

മാസ്കിട്ട് ചിരി മറയ്ക്കാതെ അവരെത്തി… ശബ്ദമുഖരിതമായി വിദ്യാലയങ്ങള്‍

പാഠം ഒന്ന് കേരളം... ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളിലേക്കെത്തിയ വിദ്യാർത്ഥിനികൾ പുതുതായി എത്തിയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും കേരളത്തെ അടയാളപ്പെടുത്തിയ ഭാഗം കാണിച്ചുകൊടുക്കുന്നു. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച ചിത്രം; വി എൻ കൃഷ്ണപ്രകാശ്

“ടീച്ചറേ…ഇവിടേത് കളറാ കൊടുക്കണ്ടെ ?”. ഓണ്‍ലൈന്‍ ക്ലാസ് വിട്ട് യഥാര്‍ത്ഥ ക്ലാസിലെത്തിയതിന്റെ ഭാവമാറ്റങ്ങളൊന്നുമില്ലാതെ ഒന്നാം ക്ലാസുകാരന്‍ ജുവാന്‍ ചോദിച്ചു. ചോദ്യം കേട്ട് പ്രവേശനോത്സവത്തിന്റെ വിശേഷങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൂടെ ടീച്ചര്‍ ജുവാന് അരികിലെക്കെത്തി. അപ്പോഴേക്കും മറ്റു കുട്ടികളും മത്സരിച്ച് ടീച്ചറെ വിളി തുടങ്ങിയിരുന്നു. പതിവിന് വിപരീതമായി കുട്ടികളോട് മിണ്ടാതിരിക്കാന്‍ പറയുന്നതിന് പകരം അവരുടെ കലപില ശബ്ദം ആസ്വദിക്കുകയായിരുന്നു ഇക്കുറി എല്ലാവരും.

ഇരുപതു മാസത്തിന് ശേഷം വിര്‍ച്വല്‍ ലോകം വിട്ടു വന്ന സന്തോഷത്തിലായിരുന്നു ഇന്നലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. കോവിഡ് ഉയർത്തുന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും കുട്ടികള്‍ തിരികെ സ്കൂളില്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു രക്ഷിതാക്കളും. പുത്തന്‍ ഉടുപ്പും, ബാഗും, മാസ്കുമണിഞ്ഞ് എത്തിയ കുഞ്ഞു കൂട്ടുകാരെ അവര്‍ക്കിഷ്ടമുള്ള വസ്തുക്കള്‍ അടങ്ങിയ സമ്മാനപ്പൊതിയുമായി ആണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. ഉടുപ്പിന് ചേരുന്ന ബാഗ് എന്ന പതിവ് ഇക്കുറി മാറ്റി പിടിച്ചു. ബാഗിന് യോജിക്കുന്ന മാസ്കുകളായിരുന്നു ഈ വര്‍ഷത്തെ പ്രത്യേകത.

 


ഇതും കൂടി വായിക്കാം;കൂട്ടമണി ഉയര്‍ന്നു; സ്കൂളുകളിലെങ്ങും ആവേശം വാനോളം


 

ഒരു ബഞ്ചില്‍ രണ്ടു പേര്‍ എന്ന രീതിയിലാണ് കുട്ടികളെ ഇരുത്തിയത്. അവരവരുടെ സാധനങ്ങള്‍ മറ്റു കുട്ടികളുമായി പങ്കുവയ്ക്കുന്നില്ല എന്നുറപ്പാക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കാനും അധ്യാപകര്‍ ശ്രദ്ധിച്ചിരുന്നു. ക്ലാസ്മുറികളൊക്കെ വര്‍ണ ബലൂണുകളും തോരണങ്ങളും പേപ്പര്‍ പൂക്കളും കൊണ്ടലങ്കരിച്ചിരുന്നു. കഥ പറയുന്ന ചുവരുകളും ചാര്‍ട്ടു പേപ്പറിലെ ചിത്രപ്പണികളും കുട്ടികളെ ക്ലാസ് മുറികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നവയായി. സ്കൂള്‍ തുറക്കുന്ന തീയതി മാറിയിട്ടും മഴ പതിവ് രീതി തെറ്റിച്ചില്ല. ജൂണ്‍ ഒന്നിന് തുറക്കേണ്ട സ്കൂളുകള്‍ കേരളപ്പിറവി ദിനത്തിന് തുറക്കുമ്പോള്‍ കുട്ടി പട്ടാളങ്ങളെ നനയ്ക്കാന്‍ മഴയുമെത്തി.

തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളില്‍ നിന്നുള്ള ദൃശ്യം
ചിത്രം ;രാജേഷ് രാജേന്ദ്രന്‍

 

ഒന്നരവര്‍ഷത്തിന് ശേഷം സ്കൂളിലെത്തുന്ന കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും എത്തിയെങ്കിലും സ്കൂളിനുള്ളില്‍ ഇവരെ പ്രവേശിപ്പിച്ചില്ല. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളുമായി സ്കൂളുകളിലെ ഹെല്‍പ്പ് ഡെസ്കും സജീവമാണ്. കഴിഞ്ഞ ഒരു മാസത്തിലധികമായി പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. കോവിഡിനെ കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ കരുതലുമായാണ് സ്കൂള്‍ ദിനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക.
eng­lish sum­ma­ry; spe­cial sto­ry about school reopen­ing in kerala
you may also like this video;

Exit mobile version