വിയറ്റ്നാം മലയാളി ഏറെ കേട്ടിട്ടുള്ള പേരാണ്. അതോടൊപ്പം ഹോചിമിൻ എന്ന പേരിൽ ധാരാളം മലയാളികൾ ഉണ്ട്. അമേരിക്കയ്‌ക്കെതിരെ വിയറ്റ്നാം നടത്തിയ ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയ ഹോചിമിൻ എന്നും ആവേശം ഉയർത്തുന്ന പേരാണ് .അമേരിക്കയുടെ കുടില തന്ത്രങ്ങൾക്ക് അടിയറവ് പറയാതെ പോരാടിയ വിയറ്റ്നാം ഇന്ന് ആഗോള ഭൂപടത്തിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് .തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം, ഏകദേശം 96 ദശലക്ഷം ജനസംഖ്യയുണ്ട്. വിയറ്റ്നാമിന്റെ അതിർത്തികൾ യഥാക്രമം വടക്കും പടിഞ്ഞാറും ചൈനയും ലാവോസും കംബോഡിയയുമാണ്. 2023 ല്‍ ജിഡിപി 5.8 ശതമാനം. കറന്‍സി വിയറ്റ്‌നാം ഡോങ്. (ഒരു ഇന്ത്യന്‍ രൂപ = 293 വിയറ്റ്‌നാം ഡോങ്.) ലോകത്തില്‍ കാപ്പി ഉല്പാദനത്തില്‍ കശുവണ്ടി കയറ്റുമതിയിലും മുന്‍നിരയിലുള്ള രാജ്യം. വിയറ്റ്‌നാം കോഫി പ്രശസ്തമാണ്.
വിയറ്റ്നാം തായ്‌ലൻഡുമായി അതിർത്തി പങ്കിടുന്നത് തായ്‌ലൻഡ് ഉൾക്കടലിലൂടെയാണ്. വിയറ്റ്നാമിലെ പ്രധാന സമുദ്ര വാണിജ്യ പ്രവർത്തനങ്ങൾ കിഴക്കും തെക്കും ദക്ഷിണ ചൈനാ കടലിലൂടെയാണ് നടക്കുന്നത്. മധ്യകാലഘട്ടത്തിലെ ചൈനീസ് ഇടപെടലും പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രഞ്ച് കോളനിവൽക്കരണവും പിനീട് നടന്ന അമേരിക്കൻ അധിനിവേശവും വിയറ്റ്നാമീസ് സമ്പദ്‌വ്യവസ്ഥയെ തകർത്തു. ഇന്തോചൈന യുദ്ധത്തിൽ ഫ്രഞ്ചുകാർ വിയറ്റ്നാമിൽ തങ്ങളുടെ സ്ഥാനം വീണ്ടെടുക്കാൻ ശ്രമിച്ചുഎന്നാൽ പരാജയപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിൽ, തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ വികസ്വര സമ്പദ്‌വ്യവസ്ഥകളിലൊന്നായി വിയറ്റ്നാം ഉയർന്നു. സർക്കാർ കൊണ്ടുവന്ന ഏറ്റവും പുതിയ പരിഷ്‌ക്കരണ നയങ്ങൾ ഇറക്കുമതിയും കയറ്റുമതിയും വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും രാജ്യം കാർഷിക, കാർഷിക ഉൽപ്പന്നങ്ങളെ വളരെയധികം ആശ്രയിക്കുന്നു. കുത്തക കമ്പനികൾ റിയൽ എസ്റ്റേറ്റ് മേഖലയിലും ‚മൽസ്യ സംസ്‌ക്കരണ രംഗത്തും ചുവടുറപ്പിക്കാൻ ശ്രമിക്കുന്നു .മൽസ്യസംസ്‌ക്കരണ മേഖലയുമായി ബന്ധപ്പെട്ട് മലയാളി സാന്നിധ്യം വിയറ്റ്നാമിലുണ്ട് .
പുതിയ വിയറ്റ്നാം വിനോദസഞ്ചാരത്തിലൂടെ രാജ്യത്തിന്റെ മനോഹരമായ കടൽത്തീരങ്ങളും ‚രുചിലോകങ്ങളും അടങ്ങുന്ന വിസ്മയലോകം ലോകത്തിനായി തുറന്നിടുന്നു .അടുത്തിടെ ഇന്ത്യയിൽ നിന്നും വിയറ്റ് ജെറ്റ് കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ കേരളമടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്.
കൊച്ചിയിൽ നിന്നുള്ള വിയറ്റ്നാം സർവീസ് ചെന്നെത്തുന്നത് ഹോചിമിൻ സിറ്റിയിലാണ് .കാഴ്ചയിൽ ഫോർട്ട് കൊച്ചിയെ അനുസ്മരിപ്പിക്കുന്ന പട്ടണം .നിരത്തുകളിൽ ഇരുചക്ര വാഹന ങ്ങൾ നിറഞ്ഞൊഴുകുന്നു കാഴ്ചയിൽ ഇവർക്കിടയിൽ ഇപ്പോൾ അസ്വാരസ്യങ്ങൾ ഉണ്ടാകുമെന്ന് മലയാളിശീലം വെച്ച് നാം ധരിക്കും എന്നാൽ ശാന്തമായി ഒഴുകുന്ന നദി പോലെ ആ ഇരുചക്രയാത്രികർ ഒഴുകിനീങ്ങും .ഏറെയും സ്ത്രീകളാണ് .ആദ്യ കാഴ്ചയില്‍ യൂറോപ്പിലെ നഗരങ്ങളിലൊന്ന് എന്നു തോന്നുന്നതാണ് ഹോ ചിമിന്‍ സിറ്റിയുടെ കെട്ടും മട്ടും. എവിടെ നോക്കിയാലും കൂറ്റന്‍ കെട്ടിടങ്ങള്‍, വൃത്തിയുള്ള നിരത്തുകള്‍… സെയ്‌ഗോണ്‍ എന്നായിരുന്നു ഹോ ചിമിന്‍ സിറ്റിയുടെ ആദ്യത്തെ പേര്. ആധുനിക വിയറ്റ്‌നാമിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്ന ഹോ ചിമിന്റെ പേരിലാണ് നഗരം ഇന്നറിയപ്പെടുന്നത്. വിയറ്റ്‌നാമിന്റെ ചരിത്രഭൂമികയാണ് ഹോചിമിന്‍ സിറ്റി. രാജ്യത്തെ ഏറ്റവും വലിയ നഗരം. ഇന്ത്യയ്ക്കു മുംബൈ പോലെ വിയറ്റ്‌നാമിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമെന്നു ഹോ ചിമിനെ വിശേഷിപ്പിക്കാം. അമേരിക്കന്‍ അധിനിവേശത്തിന്റെ ശേഷിപ്പുകളുമായി പ്രസിദ്ധമായ യുദ്ധമ്യൂസിയം നഗരഹൃദയത്തിലുണ്ട്. യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ചിരുന്ന യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, ഹെലി കോപ്റ്ററുകള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിയറ്റ്മില്‍ വര്‍ഷിക്കപ്പെട്ട ബോംബുകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടു നിര്‍മിച്ച കൂറ്റന്‍ മണി പ്രത്യേകതയാണ്. വിയറ്റ്‌നാമിന്റെ യുദ്ധചരിത്രം വിശദമായി മനസിലാക്കാന്‍ സാധിക്കുന്ന കാഴ്ചകള്‍ ഇവിടെയുണ്ട്. യുദ്ധകാലത്ത് വധശിക്ഷ ഉള്‍പ്പടെ തടവുകാരെ അതിക്രൂരമായി ശിക്ഷിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും തടവറകളും അതേപടി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ഏജന്റ് ഓറഞ്ച് എന്ന പേരിൽ വിഷവാതകം ശ്വസിച്ച തലമുറകളുടെ ചിത്രങ്ങൾ .അമേരിക്കൻ പട്ടാളം ക്രൂരമായി ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്ന പ്രാകൃത തടവറയുടെ ക്രൂരത തൊ ട്ടറിയാൻ കഴിയുന്ന വിധം ഒരുക്കിയിട്ടുണ്ട്.ആ മുറിയിൽ നിൽക്കുമ്പോൾ മനുഷ്യാവകാശത്തെ കുറിച്ച് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന അമേരിക്കകാരന്റെ വാക്കുകളുടെ പൊള്ളത്തരം വെളിവാകും .
1891ല്‍ നിര്‍മിച്ച സെന്‍ട്രല്‍ പോസ്റ്റ് ഓഫിസ് ഹോ ചിമിന്‍ നഗരഹൃദയത്തിലെ ഫ്രഞ്ച് നിർമിതിയുടെ കൊളോണിയൽ ചാരുത വെളിവാക്കുന്നതാണ് . ഫ്രഞ്ച്- ഗോഥിക്, നവോത്ഥാന കലാ രീതികളുടെയും ഏഷ്യന്‍ ശില്‍പമാതൃകകളുടെയും സംഗമമെന്നു വിശേഷിപ്പിക്കാവുന്ന നിര്‍മിതി. പ്രധാന കവാടത്തിനു മുകളില്‍ വലിയ ഘടികാരം. റോമന്‍ ശൈലിയിലുള്ളവയാണ് കമാനങ്ങളും വാതിലുകളും. ചരിത്രസ്മാരകമെന്ന നിലയിലാണ് പോസ്റ്റ് ഓഫീസ് സംരക്ഷിച്ചിട്ടുള്ളതെങ്കിലും, ഇവിടുന്നു രാജ്യത്തിനകത്തേക്കും വിദേശങ്ങളിലേക്കും കത്തുകളും പാഴ്‌സലുകളും അയയ്ക്കാനുള്ള സൗകര്യമുണ്ട്.ഈ കെട്ടിടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ സഞ്ചാരികളുടെ തിരക്കാണ് .ചൈന യിൽ നിന്നടക്കമുള്ള സഞ്ചാരികൾ ഏറെയുണ്ട് .യൂറോപ്പിൽ നിന്നുള്ളയുവതി യുവാക്കളും വിയറ്റ്നാം സന്ദർശനത്തിനായി എത്തുന്നുണ്ട് .ഇരുചക്ര വാഹന ങ്ങളുടെ തിരക്കിനിടയിലൂടെ ഊളിയിട്ട് രാത്രി നഗരത്തിന്റെ വശ്യസൗന്ദര്യാവും ‚സംഗീത അനുഭവങ്ങളും തനത് രുചിയും നുകർന്നുള്ള (വെസ്പ ടൂര്‍) ഏറെ ആസ്വാദ്യമാണ് .നമ്മുടെ നിരത്തുകളിൽ നിന്നൊഴിഞ്ഞ വെസ്പ സ്‌കൂട്ടറുകളുടെ പിറകിൽ നിങ്ങൾ ഇരുന്നുകൊടുക്കുക .നിരത്തുകളിലൂടെ വളഞ്ഞു പുളഞ്ഞുള്ള യാത്ര ‚രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന വിയറ്റ്നാം സസ്യ ‚മൽസ്യ ‚മാംസ വിഭവങ്ങൾ നിങ്ങൾക്കായി മുന്നിലെത്തും ‚സസ്യവിഭവങ്ങൾ കഴിക്കുന്നവർക്കും നിരാശ പെടേണ്ടി വരില്ല ‚സസ്യ വിഭവങ്ങളുടെ കൂടെ നാം പണ്ട് കുഞ്ഞുനാളിൽ സ്ലേറ്റ് തുടയ്ക്കാൻ എടുത്തിരുന്ന വെള്ളില ചെടി വരെ കണ്ടുമുട്ടിയെന്നിരിക്കും .മാംസ വിഭവങ്ങളിൽ പോർക്ക് പ്രധാനമാണ് .ഇവയ്‌ക്കെല്ലാം അകമ്പടിയായി സെയ്‌ഗോണ്‍ ബ്രാൻഡിലുള്ള ബിയർ തട്ടുകടകളിൽ പോലും സുലഭം .
തെക്കൻ വിയറ്റ്‌നാമിലെ കടലോരത്തെ വീഗ നഗരത്തിൽ ജലപ്പാവക്കൂത്ത് നിങ്ങളെ അവാച്യമായ ഒരനുഭൂതിയിലേയ്ക്ക് ഉയർത്തും .ചരിച്ചുവെച്ചൊരു മിഴാവിനെ ഓർമ്മിക്കുന്നതായിരുന്നു ജലപ്പാവക്കൂത്തിന് ഒരുങ്ങിയിരിക്കുന്ന ‘ഡോ’ തിയറ്റർ.ആകാശത്തിലെ ഏറ്റവും തിളക്കമുള്ള അഞ്ചാമത്തെ നക്ഷത്രമായ വീഗയുടെ പേരാണ് ഈ നഗരത്തിനെന്നും ഈ കടലോരത്തിന് മാലാഖമാർ ഇറങ്ങുന്ന ഇടമെന്ന് വിശേഷണമുണ്ടെന്നും നാട്ടുകാർ പറയുന്നു.കൊയ്ത്തുകഴിഞ്ഞ്, മഴവെള്ളം കയറുന്ന വടക്കൻ വിയറ്റ്നാമിലെ നെൽപ്പാടങ്ങളിലായിരുന്നു ജലപ്പാവക്കൂത്തിന്റെ പിറവി. മലയാളിയെപ്പോലെ അരിതന്നെ അവിടെയും മുഖ്യ ഭക്ഷണം. ആയിരം വർഷത്തിന്റെ പഴക്കമാണ് അവർ ഈ കലാരൂപത്തിന് അവകാശപ്പെടുന്നത്. ബുദ്ധതത്ത്വങ്ങൾക്ക് പിന്തുണ നൽകിയിരുന്ന ലി രാജവംശത്തിന്റെ കാലത്ത് പ്രചാരം നേടിയതുകൊണ്ടാകാം പരമ്പരാഗത ആത്മീയ പിന്തുടർച്ചയുടെ സാന്നിദ്ധ്യം ഇതിന്റെ ആധുനിക അവതരണത്തിൽ പോലും മുന്നിട്ടുനിൽക്കുന്നുണ്ട് .
പണ്ട് ആകാശത്തിന് താഴെ വിശാലമായ അരങ്ങിൽ നടത്തിയിരുന്ന ജലപ്പാവക്കൂത്ത് വാസ്തവത്തിൽ ഗ്രാമീണ കർഷകരുടെ വിനോദം മാത്രമായിരുന്നില്ല, ലോകത്ത് പലയിടത്തും നാടോടി കലാരൂപങ്ങൾ പലതിന്റെയും പശ്ചാത്തലത്തിൽ ഉള്ളതുപോലെ ജലപ്പാവക്കൂത്തിനും ചില രഹസ്യ ലക്ഷ്യങ്ങളുണ്ടായിരുന്നത്രെ. കൃഷിയിലും ജീവിതത്തിലും കുഴപ്പങ്ങളുണ്ടാക്കാതിരിക്കാൻ അവർ വിശ്വസിക്കുന്ന ചില നിഗൂഢ ആത്മാക്കളെയും പ്രകൃതി ശക്തികളെയുമൊക്കെ പ്രീതിപ്പെടുത്താനുള്ള ചടങ്ങ് കൂടിയായിരുന്നു ജലപ്പാവക്കൂത്ത്. ഇപ്പോൾ അരങ്ങുകളും ആവശ്യങ്ങളും മാറിയെങ്കിലും പഴയ നാടോടി പാരമ്പര്യം പാവകളിലും പാട്ടുകളിലും കഥകളിലും അവർ പിന്തുടരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡോ തിയറ്ററിലെ അവതരണം.കാളകൾ, നീർപ്പക്ഷികൾ, താറാവുകൾ, കുസൃതിയുള്ള കാളക്കുട്ടി, തീതുപ്പുന്ന വ്യാളി, വ്യാളിയുമായുള്ള വിയറ്റ്നാമീസ് ധീര നയകന്റെ പോരാട്ടം, രാജവംശവും വിയറ്റ്‌നാം രാജവംശവും തമ്മിൽ നടന്നിട്ടുള്ള യുദ്ധങ്ങളും വിജയപരാജയങ്ങളും ഓർമ്മിപ്പിക്കുന്ന യോദ്ധാക്കൾ, ഭീമൻ ആൾക്കുരങ്ങ്, എന്നിങ്ങനെ പുത്തൻ സങ്കേതങ്ങളിൽ കഥകൾ പലതാണ് അരങ്ങേറുന്നത്. ജലാശയത്തിന് മുന്നിലും പിന്നിൽ ഉയരത്തിലും അരങ്ങുകളുണ്ട്.
ആകാശത്തുനിന്നെന്നപോലെ ജലത്തിലെ അരങ്ങിലേക്ക് എത്തുന്ന സുതാര്യമായ ഒരു വലിയ വെളുത്ത പശുവിന്റെ അവതരണമുണ്ട്.32 കലാകാരൻമാർ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി വന്ന് മൂന്ന് വർഷത്തിലധികം നീളുന്ന പരിശീലനത്തിലൂടെയാണ് ഇത് പഠിച്ചെടുക്കുന്നതെന്ന് അവർ പറഞ്ഞു. ‘ഡോ’ തിയറ്ററിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള “ലൈഫ് പെപ്പറ്റ്സ്’ ജലപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. പാരമ്പര്യ വാദ്യോപകരണങ്ങളിൽ ഇവർ സൃഷ്ടിക്കുന്ന സംഗീതവും കൂടി ചേരുമ്പോൾ ഈ കലാസൃഷ്ടി സമ്മാനിക്കുന്ന അനുഭൂതിക്ക് പേരിടുക അസാധ്യം.ഇതിനായി ഒരുക്കിയിട്ടുള്ള തിയേറ്ററിനോട് ചേർന്ന് വലിയൊരു റിയൽ എസ്റ്റേറ്റ് പദ്ധതി ഉയരുന്നുണ്ട് .അതിസമ്പന്ന ന്മാർക്കായി ഉയരുന്ന ആ പദ്ധതിക്കൊപ്പം രാജ്യത്തിൻറെ സംസ്‌കൃതി വിനോദസഞ്ചാര വികസനത്തിനായി നീക്കി വെയ്ക്കുവാൻ ശ്രദ്ധ വെച്ചുവെന്നതാണ് എടുത്തുപറയേണ്ട സംഗതി. നീണ്ട കടലോരങ്ങൾ വിയറ്റ്നാമിന്റെ പ്രത്യേകതയാണ് .അതീവ ശുചിത്വമാണ് ഇവയുടെ മുഖമുദ്ര .കടലിന്റെ നീലനിറം ആരെയും ആകർഷിക്കും .തീരത്തുനിന്നു രണ്ടുമണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ദ്വീപുകൾക്ക് സമീപം സഞ്ചാരികൾക്ക് നീന്തി തുടിക്കാൻ സുകാര്യം ഉണ്ട് .മലിനമല്ലാത്ത കടലിലുള്ള കുളി ആരും ആസ്വദിക്കാൻ കൊതിക്കുന്ന ഒന്നാണ് .വിയറ്റ്‌നാം സന്ദര്‍ശകര്‍ക്ക് അവിടേക്കുള്ള വീസ നടപടികള്‍ ഇപ്പോള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താം. ചെലവ് 35–40 ഡോളര്‍. ഇതിനായി അപേക്ഷയുടെ അടിസ്ഥാനത്തില്‍ യാത്രയ്ക്കു മുമ്പ് പ്രീ വീസ അപ്രൂവല്‍ ഫോം ഓണ്‍ലൈനായി ലഭിക്കും. ഇലക്ടോണിക് വിസ (ഇ വിസ)യുടെ കാലാവധി 30ല്‍നിന്നു 90 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയായി ഇതു ലഭിക്കും.
15 ദിവസത്തെ സന്ദര്‍ശക വിസയും ലഭിക്കും. തലസ്ഥാനമായ ഹാനോയിലും ഏറ്റവും വലിയ നഗരമായ ഹോ ചി മിനിലും ഉള്‍പ്പടെ 13 വിമാനത്താവളങ്ങള്‍ വിയറ്റ്‌നാമിലുണ്ട്. 2000 രൂപയ്ക്കു മുതല്‍ ഹോട്ടലില്‍ താമസിക്കാം.കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കൊച്ചിയില്‍ നിന്നു വിയറ്റ്‌നാമിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങിയിട്ടുണ്ട്. അഞ്ചര മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ നിന്നു ഹോ ചി മിന്‍ സിറ്റിയിലിറങ്ങാം. നേരത്തെ മലേഷ്യ വഴിയാണ് ഇവിടുന്നുള്ള യാത്രക്കാര്‍ വിയറ്റ്‌നാം നഗരങ്ങളിലേക്കു പ്രധാനമായും പോയിരുന്നത്.
ഇന്ത്യയേയും വിയറ്റ്‌നാമിനേയും ബന്ധിപ്പിച്ചു കൂടുതല്‍ വിമാന സര്‍വീസ് നടത്തുന്നത് വിയറ്റ്‌ജെറ്റ് ആണ്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 32 നേരിട്ടുള്ള സര്‍വീസുകളാണ് വിയറ്റ് ജെറ്റ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നു സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നു രാത്രി 11.50‑ന് പുറപ്പെടുന്ന വിമാന ഹോചിമിന്‍ സിറ്റിയില്‍ പ്രാദേശിക സമയം രാവിലെ 06.40 ന് എത്തും. ഹോചിമിന്‍ സിറ്റിയില്‍ നിന്നു വൈകുന്നേരം പ്രാദേശിക സമയം 7.20ന് പുറപ്പെട്ട് കൊച്ചിയില്‍ 10.50‑ന് മടങ്ങിയെത്തും.
English Summary: Spectacular views of Hochim’s land
You may also like this video