അടുത്ത അധ്യയന വർഷത്തോടെ പ്രീ- പ്രൈമറി തലം മുതൽ സ്പോർട്സ് പഠന വിഷയമാക്കുമെന്ന് കായിക മന്ത്രി വി അബദ്ദുറഹിമാൻ പറഞ്ഞു. രണ്ടു പതിറ്റാണ്ടായി താമരക്കുളം ചത്തിയറ വി എച്ച് എസ് എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ചത്തിയറ ഫുട്ബോൾ അക്കാഡമിയിൽ ഗ്രാമപ്രദേശത്തെ 25 പെൺകുട്ടികളുടെ ആദ്യ ബാച്ചിന്റെ ഫുട്ബോൾ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കായികരംഗത്ത് ആയിരം കോടിയോളം രൂപയുടെ വികസന പദ്ധതികൾ കൊണ്ടുവന്നിരുന്നു. പ്രീ-പ്രൈമറി തലം മുതൽ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുവാനും, നിലവിലുള്ള കായിക താരങ്ങളെ നല്ല രീതിയിൽ പരിശീലിപ്പിക്കുന്നതിനും രണ്ടു പദ്ധതികൾ നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു. എം എസ് അരുൺ കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥികളായിരുന്ന മദ്രാസ് സെൻട്രൽ ഇന്നർ വീൽ ക്ലബ്ബ് മുൻ പ്രസിഡന്റ് ശ്രീലത നാരായൺ, പിള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. സലീന ജോയി, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ് എന്നിവർ കുട്ടികൾക്ക് ജഴ്സി വിതരണം ചെയ്തു. ഗിരിജാ മധു പദ്ധതി വിശദീകരണം നടത്തി. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ പി ബി ഹരികുമാർ, കെ എൻ കൃഷ്ണകുമാർ, പി ആർ ശ്രീരഞ്ജൻ, സി പി പ്രവീൺ, എസ് ഹരികുമാർ, കെ ജയമോഹൻ, എസ് ജമാൽ, കെ എൻ അശോക് കുമാർ, നിക്സൺ ജോൺസൺ, ശശീന്ദ്രക്കുറുപ്പ്, എസ് മധു എന്നിവർ സംസാരിച്ചു.