Site icon Janayugom Online

ഇമ്രാൻ ഖാനെതിരെ ചാരപ്രവർത്തനം; ജീവനക്കാരൻ പിടിയിൽ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) മേധാവിയായ ഇമ്രാൻഖാന്റെ വീട്ടിലെ കിടപ്പുമുറയിൽ ഒരു സ്പൈ ഡിവൈസ് സ്ഥാപിക്കാൻ ഒരു ജീവനക്കാരന് പണം നൽകിയെന്നാണ് ആരോപണം.

മുൻ പ്രധാനമന്ത്രിയുടെ മുറി വൃത്തിയാക്കുന്ന ജീവനക്കാരന് ചാര ഉപകരണം സ്ഥാപിക്കാൻ പണം നൽകിയെന്ന് പിടിഐ നേതാവ് ഷെഹ്ബാസ് ഗിൽ ആരോപിക്കുന്നു. ഇത് ഹീനവും ദൗർഭാഗ്യകരവുമാണെന്ന് പിടിഐ വക്താവ് പറയുന്നു.

പ്രതി ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു ജീവനക്കാരൻ കാണുകയും ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

മുൻ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയെന്നാണ് റിപ്പോർട്ട്. ഈ വർഷം ഏപ്രിലിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, തന്റെ ജീവൻ അപകടത്തിലാണെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു.

കഴിഞ്ഞ മാസം സിയാൽകോട്ടിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, തന്നെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരുകൾ അറിയാമെന്നും, അതെല്ലാം റെക്കോഡ് ചെയ്തുവച്ചിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടിരുന്നു.

പാകിസ്ഥാന് അകത്തും വിദേശത്തുമാണ് തനിക്കെതിരായ കൊലപാതക പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും ഇമ്രാൻ ഖാൻ അന്ന് പറഞ്ഞിരുന്നു.

Eng­lish summary;Spying against Imran Khan; Employ­ee arrested

You may also like this video;

Exit mobile version