രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാന് കൈമാറിയെന്ന കേസിൽ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ അസം പൊലീസ് അറസ്റ്റ് ചെയ്തു. തേസ്പൂർ സ്വദേശിയായ കല്യേന്ദ്ര വർമ്മയെയാണ് സംസ്ഥാന പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. കല്യേന്ദ്ര വർമ്മ പാകിസ്ഥാനുമായി ബന്ധമുള്ള ഒരു ചാരശൃംഖലയിലെ വ്യക്തിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സുരക്ഷാ പ്രാധാന്യമുള്ള രഹസ്യ വിവരങ്ങൾ ഇയാൾ പാക് ഏജന്റുമാർക്ക് കൈമാറിയതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് സംശയാസ്പദമായ നിരവധി വിവരങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ചില നിർണായക ഡാറ്റകൾ ഇല്ലാതാക്കാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്.
പ്രതിക്കെതിരെ രാജ്യദ്രോഹം, ചാരവൃത്തി എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സുഖോയ്-30 സ്ക്വാഡ്രൺ ഉൾപ്പെടെയുള്ള പ്രധാന വ്യോമസേനാ യൂണിറ്റുകൾ പ്രവർത്തിക്കുന്ന തേസ്പൂരിലെ എയർഫോഴ്സ് സ്റ്റേഷനിലാണ് ഇയാൾ സേവനമനുഷ്ഠിച്ചിരുന്നത്. 2002ല്‍ ജൂനിയർ വാറന്റ് ഓഫീസറായാണ് വിരമിച്ചത്. ഇതിനുശേഷവും തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ ഇയാൾ ശ്രമിച്ചുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

