ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ശ്രീനാരായണ ഗുരു ജയന്തിദിനാഘോഷത്തിലും തിരിച്ചടി നേരിട്ട് ബിജെപി. ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവായും കേവലം ഹിന്ദു സന്യാസിയായി മാത്രം ചിത്രീകരിക്കാനുമുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി പാർട്ടി നേതൃത്വത്തിൽ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഒബിസി മോർച്ചയെ ഇതിനായി ചുമതലപ്പെടുത്തിയതോടെയാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ഉടലെടുത്തത്.
സംഘ്പരിവാർ സഹയാത്രികനായ ടി പി സെൻകുമാറാണ് ഇതിനെതിരെ ആദ്യം രംഗത്തുവന്നത്. തൊട്ടുപിന്നാലെ ദേശീയ കൗൺസിൽ അംഗം കെ ബാഹുലേയൻ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയായി. ചതയദിനാഘോഷം നടത്താൻ ഒബിസി മോർച്ചയെ ഏല്പിച്ച ബിജെപിയുടെ സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് പാര്‍ട്ടിവിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിനും പാർട്ടി ഔദ്യോഗിക വിഭാഗത്തിനുമെതിരെ പ്രതിഷേധം കനപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തിയത്.
ഈഴവരെയും ദളിതരെയും അവഗണിക്കുന്നതായുള്ള ആരോപണം നേരത്തെ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു വിഭാഗം ഉയർത്തിയിരുന്നു. സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടെ അവഗണിക്കപ്പെട്ടതോടെയായിരുന്നു വി മുരളീധരൻ — കെ സുരേന്ദ്രൻ വിഭാഗം ഇത്തരം നീക്കം ആരംഭിച്ചത്. സവർണ വിഭാഗത്തിനും ക്രിസ്ത്യൻ വിഭാഗത്തിനും മാത്രമാണ് പാർട്ടിയിൽ പരിഗണന ലഭിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.
രാജീവ് ചന്ദ്രശേഖറിന്റെ കരയോഗം കമ്മിറ്റിയാണ് ഇപ്പോഴുള്ളതെന്ന വാദം ഉയർത്തി സേവ് ബിജെപി ഫോറത്തിന്റെ പേരിൽ സമൂഹമാധ്യമ കാമ്പയിൻ ഉൾപ്പെടെ ആരംഭിക്കുകയും ചെയ്തു. സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടതും ശ്രീനാരായണഗുരു ജയന്തി വിവാദവുമെല്ലാം ഇതിന്റെ സൂചനകളാണെന്നും ഇവർ വ്യക്തമാക്കുന്നു.
ക്രിസ്ത്യൻ അരമനകൾ സന്ദർശിക്കാൻ മറക്കാത്ത രാജീവ് ചന്ദ്രശേഖറിന് ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ പ്രശ്നങ്ങൾ അറിയാൻ താല്പര്യമില്ലെന്നാണ് ഇവരുടെ വിമർശനം. ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കാൻ ഒബിസിക്കാർ മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചതും പിന്നാക്ക വിഭാഗക്കാരെ അവഹേളിക്കുന്ന നടപടിയാണെന്ന് വിമർശനം ഉയരുന്നു.
ശ്രീനാരായണഗുരു ജയന്തിദിനം ആഘോഷിക്കാൻ ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയ ബിജെപിയുടെ നടപടി അങ്ങേയറ്റം അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിട്ടുണ്ട്. അയ്യപ്പ സംഗമത്തെ എതിർക്കുന്നവര്‍ ഒറ്റപ്പെടുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തിൽ വിശദീകരണവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് രംഗത്ത് വന്നു. നാരായണ ഗുരുവിന്റെ ആദർശങ്ങൾ പിൻപറ്റുന്ന പാർട്ടിയാണ് ബിജെപിയെന്നും പാര്‍ട്ടി ഓഫിസുകൾ കേന്ദ്രീകരിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ പി കെ കൃഷ്ണദാസിനെതിരെയും ശക്തമായ പരിഹാസമാണ് പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
കഴിഞ്ഞ ജയന്തി ദിനത്തിൽ ഗുരുവിന് കാവി മേലങ്കി ഉൾപ്പെടെ അണിയിച്ച പോസ്റ്ററുമായി നാടകം കളിച്ചിരുന്ന ബിജെപി ഇത്തവണ ഗുരു നിന്ദയാൽ പൂർണമായും ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്.
ശ്രീനാരായണ ഗുരു ജയന്തി ആഘോഷം : ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു

