മലയാളിയും മലയാളക്കരയും ധന്യരാണ്. ‘പരിത്രാണായ സാധൂനാം, വിനാശായ ചദുഷ്കൃതാം, ധര്‍മ്മസംസ്ഥാപനാര്‍ത്ഥായാ, സംഭവാമി യുഗേ യുഗേ’ എന്നല്ലേ പ്രമാണം. ദുഷ്ടന്മാരെ നിഗ്രഹിച്ച് ധര്‍മ്മം സ്ഥാപിക്കാനായി അവതാരങ്ങള്‍ യുഗങ്ങള്‍തോറും എത്തുന്നുവെന്നു സാരം. ആവിധത്തില്‍ നമുക്കു നവോത്ഥാന നായകരുടെ പെരുമഴയാണ്. ശ്രീ ശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, മഹാത്മാ അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, അയ്യാ ഗുരുസ്വാമി തുടങ്ങിയവരുടെ അവതാരപ്പൊലിമയാല്‍ അനുഗ്രഹീതമായ മലയാളമണ്ണ്, എന്നാല്‍ അയ്യന്‍കാളിക്കു ശേഷം എന്തേ പുതിയ അവതാരങ്ങളുണ്ടാകുന്നില്ല എന്നു നാം സംശയിച്ചു നില്‍ക്കുമ്പോള്‍ ഇതാ അതിനും ഒരു തീരുമാനമായി. നവോത്ഥാന സിവിക് ചന്ദ്രഗുരു! സിവിക് ചന്ദ്രനെ നവോത്ഥാന നായകന്‍ എന്ന ബഹുമതി മുദ്ര ചാര്‍ത്തി നമ്മുടെയിടയിലേക്ക് തള്ളിവിടുന്നത് ബഹുമാന്യ കോടതി കൂടിയാകുമ്പോള്‍ ഇനി അതിന്മേല്‍ ഒരപ്പീലില്ലല്ലോ! ഈ നവോത്ഥാന നായകനാകട്ടെ കോടതി കയറിയിറങ്ങാനേ നേരമുള്ളു. സംഗതിയാകട്ടെ ലെെംഗിക പീഡന നാറ്റക്കേസും. ഇര ഒരു ദളിത് യുവതിയും. കോടതിക്ക് എന്നും നവോത്ഥാന നായകനൊപ്പം നില്ക്കാനല്ലേ ഗത്യന്തരമുള്ളു. ദളിത് യുവതി പ്രതിയാകുമോ എന്ന ശങ്ക. കോടതി സിവിക് ഗുരുവിന് അനുവദിച്ച ജാമ്യ ഉത്തരവില്‍ പറയുന്നത് വടിയൂന്നി നടക്കുന്ന സിവിക് ചന്ദ്രനെങ്ങനെ പീഡിപ്പിക്കാന്‍ കഴിയുമെന്നാണ്. ഇതു കേട്ടാല്‍ തോന്നും ഊന്നുവടികൊണ്ടാണ് പീഡനം നടത്തുന്നതെന്ന്. മാത്രമല്ല ഇരയായ യുവതി വാദിയെ പ്രകോപിപ്പിക്കുംവിധം സുതാര്യമായി വസ്ത്രം ധരിച്ചു വന്നാല്‍ എങ്ങനെ പീഡിപ്പിക്കാതിരിക്കും എന്നൊരു ശോദ്യവും വന്നു. ആഭരണം ധരിച്ചു നടക്കുന്നതുകൊണ്ടല്ലേ മാലക്കള്ളന്മാര്‍ വിലസുന്നതും പരസ്യമായി കനകാഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടല്ലേ ജ്വല്ലറികള്‍ കൊള്ളയടിക്കുന്നതുമെന്ന് കോടതി ചോദിച്ചില്ലെന്നേയുള്ളു. വിമാനത്തിലും തീവണ്ടിയിലും ബസുകളിലും ആണും പെണ്ണും ഇടകലര്‍ന്നിരിക്കുന്നതുകൊണ്ടാണ് ബലാത്സംഗം പെരുകുന്നതെന്ന് ബഹുമാനപ്പെട്ട ന്യായാസനം ന്യായവാദം എഴുന്നെള്ളാതിരുന്നത് ഭാഗ്യം.
ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല
ആരാണീ സിവിക് ചന്ദ്രന്‍? തികഞ്ഞ ലെെംഗിക അരാജകവാദി, മുരത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍. പണ്ടൊരിക്കല്‍ തോപ്പില്‍ ഭാസിയുടെ അനശ്വര കൃതിയും കമ്മ്യൂണിസ്റ്റ് നവോത്ഥാനത്തിനു പാടമൊരുക്കിയ നാടകവുമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തെ അധിക്ഷേപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടയാള്‍. സി വി കുട്ടന്‍ എന്ന പേരുമാറ്റി സിവിക് ചന്ദ്രനെന്നാക്കി ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്നൊരു നാടകമെഴുതി. ഇതിനെതിരെ നാടെങ്ങും പ്രതിഷേധം അലയടിച്ചു. അന്ന് കണിയാപുരം രാമചന്ദ്രന്‍ എന്ന അനശ്വരനായ സിപിഐ നേതാവ് ഈ നാടകത്തെക്കുറിച്ച് ഒരു ലേഖനമെഴുതി, ‘നിന്റെ തന്തയെ കമ്മ്യൂണിസ്റ്റാക്കി’ എന്ന പേരില്‍. അതോടെ നാടകവും ചുരുട്ടി യവനികയ്ക്കു പിന്നിലേക്ക് മറഞ്ഞയാളാണ് ഈ നവോത്ഥാന നായക മാന്യന്‍. ഈ എഴുപത്തിമൂന്നാം വയസിലും അയാളുടെ കിരുകിരുപ്പ് മാറിയിട്ടില്ല. പെണ്ണുപിടിക്കേസില്‍ ജാമ്യം നേടുന്നതിനു തൊട്ടു മുമ്പെഴുതിയ ഒരു ലേഖനത്തില്‍ ഈ നവോത്ഥാന നായകന്‍ ശിശുരതിയെപ്പോലും പ്രോത്സാഹിപ്പിക്കുന്ന ഹീനമനസ് പുറത്തെടുത്തിട്ടു. എന്നിട്ടും അരിശം തീരാതെ പറഞ്ഞത് കമ്മ്യൂണിസ്റ്റുകാരും ക്രിസ്ത്യന്‍ മതവിഭാഗവും തുറന്ന ലെെംഗികതയെക്കുറിച്ച് കാപട്യമനസുള്ളവരെന്നായിരുന്നു. ഇത്തരമൊരു നവോത്ഥാന നായകനെ മലയാളിയുടെ തലയില്‍ കെട്ടിവച്ച് ശിക്ഷിക്കരുതേ യുവര്‍ ഓണര്‍!
ഇതുകൂടി വായിക്കൂ: രാജാവും കൂട്ടരും തുണിയുടുത്തിട്ടില്ല
ടി പത്മനാഭന്‍ മാഷിനോട് ദേവികയ്ക്ക് അതിരറ്റ ബഹുമാനമുണ്ട്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഓജസിന്റെ ഉടയാടകളണിയിച്ച അദ്ദേഹം ഭാഷയുള്ള കാലത്തോളം മലയാളിയുടെ മനസില്‍ അനശ്വരനായിരിക്കും. എന്നുവച്ച് അദ്ദേഹം പറയുന്നതെന്തിനോടും യോജിക്കാനാവില്ല. അശ്ലീല സാഹിത്യകൃതികളും അരമനകളിലെ സിസ്റ്റര്‍മാര്‍ എഴുതുന്ന കൃതികളും ചൂടപ്പംപോലെ വിറ്റുപോകുമ്പോള്‍ ഉത്തമ സാഹിത്യകൃതികള്‍ വാങ്ങാന്‍ ആളില്ലാതാവുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മാധവിക്കുട്ടി എന്ന കമലാദാസിന്റെ ‘എന്റെ കഥ’ ആദ്യമായി അച്ചടിച്ചുവന്നത് ‘ദി കറന്റ്’ ഇംഗ്ലീഷ് വാരികയിലായിരുന്നു. ഗ്ലോറിയാ ബാരറ്റ് എഴുതിയ ‘ദി മെന്‍’ എന്ന കൃതിയുടെ അനുകരണമാണ് ‘എന്റെ കഥ’യെന്ന വിമര്‍ശനമുണ്ടായിട്ടും ആ പരമ്പര ചൂടപ്പംപോലെ ജനം വായിച്ചു. മലയാളമുള്‍പ്പെടെ നിരവധി ഭാഷകളില്‍ അതു ഗ്രന്ഥമായും പുറത്തിറങ്ങി. ഇന്ന് ആരെങ്കിലും ആ കൃതിയെക്കുറിച്ചോര്‍ക്കുന്നുണ്ടോ. നളിനി ജമീലയുടെ ലെെംഗിക തൊഴിലാളി ജീവിതകാലത്തെക്കുറിച്ചുള്ള കിത്താബും അല്പായുസായി പോയി. പണ്ട് സെെലം ആലുവ, കാര്‍ത്തികേയന്‍ പടിയത്ത്, മംഗലത്തുകോണം കൃഷ്ണന്‍ തുടങ്ങിയവരെഴുതിയ അശ്ലീല നോവലുകള്‍ എത്ര പതിപ്പുകളാണിറങ്ങിയത്. അവരെയും അവരുടെ കൃതികളെയും ഓര്‍ക്കുന്നവരായി അവരുടെ കുടുംബങ്ങളില്‍പ്പോലും ഒരാളുണ്ടാവില്ല. എഴുത്തുകാരനായ കെ രാജീവ് കുമാര്‍ പറഞ്ഞതുപോലെ ‘കമിഴ്ന്നു വീണാല്‍ കാല്‍പണം കൊണ്ടേ പൊങ്ങൂ’ എന്നപോലെ അവര്‍ ക്ഷണികമായി എഴുത്തിലൂടെ കുറേ പണം വാരി, അത്രമാത്രം. പിന്നീട് അജ്ഞാതരുമായി. ഉത്തമ സാഹിത്യകൃതികള്‍ മാത്രമെ എക്കാലവും നിലനില്‍ക്കൂ. ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ഗൗരി, കടല്‍, വീടു നഷ്ടപ്പെട്ട കുട്ടി, മഖന്‍സിങ്ങിന്റെ മരണം, സാക്ഷി തുടങ്ങിയ കൃതികള്‍ അദ്ദേഹത്തോടൊപ്പം എന്നുമെന്നും അനുവാചക ഹൃദയങ്ങളില്‍ ജീവിക്കും. അശ്ലീലം കാലാതിവര്‍ത്തിയാകില്ല എന്ന് 93 തികഞ്ഞ പത്മനാഭന്‍ മാഷിന് പറഞ്ഞുതരേണ്ടതുണ്ടോ.
ഇതുകൂടി വായിക്കൂ: എഴുത്തുകാരും എഴുത്തച്ഛന്മാരും
ചാവേറുകളെ ഇറക്കിക്കളിച്ചാല്‍ കളി തല്‍ക്കാലത്തേക്കു കൊഴുക്കുമായിരിക്കും. ഐഎസ് ചാവേറുകള്‍, താലിബാന്‍ ചാവേറുകള്‍, പാര്‍ട്ടി ചാവേറുകള്‍ എന്നിവര്‍ നിറഞ്ഞാടുന്ന ഇക്കാലത്ത് ലെെംഗിക ചാവേറുകള്‍ കൂടി രംഗത്തിറങ്ങിയാലോ. ഏറെ വര്‍ഷം മുമ്പാണ്. അന്നു മന്ത്രിമാരായിരുന്ന കടവൂര്‍ ശിവദാസനും ജി കാര്‍ത്തികേയനുമെതിരെ എതിരാളികള്‍ ഒരു ലെെംഗിക ചാവേറിനെ കളത്തിലിറക്കി. അന്നു പീഡനം എന്ന പ്രയോഗമില്ല. തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആ പെമ്പ്രന്നോത്തി വിളിച്ചുകൂവി. ശിവദാസനും കാര്‍ത്തികേയനുമാണെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ നിരന്തരം പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി വശം കെട്ടു. ഒരു രക്ഷയുമില്ല. ഒടുവില്‍ അവരുടെ ക്യാമ്പിലെ തന്ത്രജ്ഞര്‍ ഒരു മറുചാവേറിനെ രംഗത്തിറക്കി. എതിര്‍ചേരിയിലെ രണ്ടു പ്രമുഖ സംസ്ഥാന നേതാക്കള്‍ രണ്ട് സുന്ദരിമാരുമായി കിഴക്കന്‍ മലയോരത്തെ ഒരു ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ ലെെംഗിക കേളികളാടി എന്ന വാര്‍ത്ത വന്നു. സ്വിച്ചിട്ടപോലെ രണ്ട് ലെെംഗികാരോപണങ്ങളും നിലച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് പക്ഷം ഒരു ലെെംഗിക ചാവേറിനെ ഇറക്കി കളിച്ചതും അതുപോലെ വൃഥാവിലായി. അന്വേഷണത്തില്‍ ‘ഇരയായ യുവതി’ 54കാരിയെന്നു തെളിഞ്ഞു. പരാതിയിലെ പ്രായം 40. പ്രായം കുറച്ചുവച്ചെങ്കിലല്ലേ പീഡനത്തിന് ഒരു ഗമയുണ്ടാകു. മധ്യവയസ്കയായ പരാതിക്കാരി താന്‍ ‘പീഡിപ്പിക്കപ്പെട്ട’ ഹോട്ടല്‍ കണ്ടിട്ടു പോലുമില്ല. ബാലചന്ദ്രകുമാര്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. വാദികള്‍ പ്രതികളുമാവുന്നു.
ലെെംഗിക ചാവേറുകളെ ഇറക്കി നാറുന്ന കളികള്‍ നടത്തുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാവുന്നു ഈ സംഭവം. ലെെംഗികചാവേറുകളെ അങ്കത്തിനിറക്കി ആരു കളിച്ചാലും അതു പ്രബുദ്ധ കേരളത്തെ മാലിന്യവല്ക്കരിക്കുകയേയുള്ളു.