Site iconSite icon Janayugom Online

ശ്രീജേഷിന്റെ ജീവിതം കായികതാരങ്ങള്‍ക്ക് മാതൃക: മുഖ്യമന്ത്രി

ഇന്ത്യൻ ഹോക്കി മുൻതാരം പി ആര്‍ ശ്രീജേഷിന്റെ കായിക ജീവിതം എല്ലാവര്‍ക്കും പ്രത്യേകിച്ച് ഏതൊരു കായിക താരത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അര്‍പ്പണമനോഭാവവും കഠിനാധ്വാനവും ലക്ഷ്യബോധവും പ്രകടിപ്പിച്ച ശ്രീജേഷ് സഹതാരങ്ങള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടിയ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുകോടി രൂപ പാരിതോഷികം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിരമിച്ചില്ലായിരുന്നെങ്കില്‍ ഇനിയും ഏറെനാള്‍ നല്ല നിലവാരത്തില്‍ ശ്രീജേഷിന് കളിക്കാൻ കഴിയുമായിരുന്നു. ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായി ശ്രീജേഷിനെ നിയമിച്ചത് ഏറ്റവും ഉചിതമായ തീരുമാനമാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രാപ്തിയും ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീരുമാനമാണത്. അത് അദ്ദേഹത്തിന്റെ കഴിവിന് ലഭിച്ച അംഗീകാരമാണ്. ശ്രീജേഷിന്റെ ലക്ഷ്യബോധവും സമര്‍പ്പണവുമാണ് കായികരംഗത്തേക്ക് കടന്നുവരുന്നവര്‍ മാതൃകയാക്കേണ്ടത്. കേരളത്തില്‍ ഹോക്കിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാൻ ശ്രീജേഷിന് കഴിയുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ പദിവിയിലിരുന്നുകൊണ്ട് സ്കൂള്‍തലം മുതലുള്ള കേരളത്തിലെ കായിക വികസനത്തിന് വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാൻ കഴിയും. ശ്രീജേഷിനെ പോലുള്ള താരങ്ങള്‍ എല്ലാ കായിക ഇനത്തിലും സൃഷ്ടിക്കപ്പെടണം. അവരിലൂടെ ഒളിമ്പിക്സ് മെഡല്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ബഹുമതികള്‍ കൂടുതലായി സ്വന്തമാക്കാൻ കേരളത്തിന് കഴിയണം.

 

 

ഒപ്പം ഉന്നത നിലവാരമുള്ള ഒരു കായിക സംസ്കാരം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയും വേണം. മുൻ കായിക താരങ്ങള്‍ ഈ ദൗത്യത്തിന്റെ മുൻപന്തിയില്‍ നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനവീയം വീഥി മുതല്‍ വരെ തുറന്ന ജീപ്പില്‍ സ്വീകരിച്ചാണ് ശ്രീജേഷിനെ ചടങ്ങ് നടന്ന ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. കായിക മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. 2018ലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ പി യു ചിത്ര, മുഹമ്മദ്‌ അനസ്‌, വി കെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ്‌ എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ്‌ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൈമാറി. ഹോക്കി കോച്ച് പി രാധാകൃഷ്ണൻ നായര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികവും സമ്മാനിച്ചു. ആന്റണി രാജു എംഎല്‍എ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കായിക — യുവജനകാര്യ ഡയറക്ടര്‍ വിഷ്‍ണുരാജ്, ഐ എം വിജയൻ, എം വിജയകുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസി‍ഡന്റ് യു ഷറഫലി തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങൾ സ്വപ്നം കാണുക ‑കായികതാരങ്ങളോട് ശ്രീജേഷ്

പത്താം ക്ലാസിലേയും പ്ലസ് ടുവിലേയും ഗ്രേസ് മാർക്ക് സ്വപ്നം കണ്ടാണ് താൻ സ്പോ‍ർട്സ് സ്കൂളിലേക്ക് വന്നതെന്നും ആകെയുണ്ടായിരുന്ന ലക്ഷ്യം ആ 60 മാർക്ക് മാത്രമായിരുന്നെന്നും മുൻ ഹോക്കി താരം പി ആർ ശ്രീജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടുകോടി രൂപയുടെ പാരിതോഷികം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജേഷിന്റെ വാക്കുകൾ: “നിങ്ങളിവിടെ ഇരിക്കുന്നപോലെ പല പരിപാടിയ്ക്കും ഈ സ്റ്റേജിൽ ഞാൻ വന്നിരുന്നിട്ടുണ്ട്. ഇതുപോലെ പല കോർണറിലിരുന്ന് പല പരിപാടിയ്ക്കും കൈയിടിച്ചിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു എന്റെ തുടക്കവും. നിങ്ങളിടുന്ന ഷൂവിനേക്കാൾ മോശപ്പെട്ട ഷൂവായിരുന്നു ഞാനന്നിട്ടിരുന്നത്. കീറിയ ഷൂവും കീറിയ ജഴ്സിയുമിട്ടാണ് അന്ന് പല കളികൾക്കും പോയിരുന്നതും പല കളികളും ജയിച്ചതും. ജി വി രാജ സ്പോർട്സ് സ്കൂളിലേക്ക് വന്നുകഴിഞ്ഞപ്പോൾ എനിക്കുണ്ടായിരുന്ന ആകെയൊരു ലക്ഷ്യം അറുപത് മാർക്ക് മാത്രമായിരുന്നു. അതായത് അതായത് പത്താം ക്ലാസിലെയും പ്ലസ് ടൂവിലേയും ഗ്രേസ് മാർക്ക് മാത്രമായിരുന്നു എന്റെ സ്വപ്നം. എന്റെ മുമ്പിലിപ്പോൾ ഇത്രയും ചെറിയ കുട്ടികളുണ്ട്. ഒത്തിരി അനുജന്മാരും അനുജത്തിമാരും എന്റെ മുമ്പിലിരിപ്പുണ്ട്. അവരോടൊക്കെ ഒറ്റക്കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ. സ്വപ്നം കാണുക. 60 മാർക്ക് മാത്രം സ്വപ്നം കണ്ട എനിക്ക് രണ്ട് ഒളിമ്പിക്സിൽ മെഡൽ മേടിക്കാൻ പറ്റുമെങ്കിൽ ഈ ചെറുപ്രായത്തിൽ നിങ്ങൾ ഒളിമ്പിക്സിലെ ഗോൾഡ് മെഡൽ സ്വപ്നം കാണുകയാണെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാനും നിങ്ങൾക്ക് മെഡൽ നേടാൻ കഴിയും.

Exit mobile version