Site icon Janayugom Online

മനുഷ്യരാശി വർഗീയതിയിൽ എരിഞ്ഞു തീരാതിരിക്കാനുള്ള സന്ദേശം നൽകിയത് ഗുരു: മുഖ്യമന്ത്രി

മനുഷ്യരാശി വർഗീയതിയിൽ എരിഞ്ഞു തീരാതിരിക്കാനുള്ള സന്ദേശം ലോകത്തിന് പകർന്നു നൽകിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെമ്പഴന്ത്രി ഗുരുകുലത്തിൽ നടന്ന 167-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഫ്ഗാനിസ്ഥാനിൽ സ്ഥിതി അങ്ങേയറ്റം കലുഷിതവും വേദനാജനകവുമാണ്. നമ്മുടെ രാജ്യത്തും വർഗീയ വിദ്വേഷം അടിക്കടി ഏറിവരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും വംശീയ സ്പർദ്ധകളും, വർഗീയ വിദ്വേഷങ്ങളും അതിന്റെ ഭാഗമായ രക്തച്ചൊരിച്ചിലും ഏറി വരികയാണ്. മനുഷ്യരെയാകെ ഒന്നായി കാണണമെന്നും ഭേദചിന്ത അരുതെന്നുമുള്ള ഗുരുവിന്റെ ചിന്ത ഉൾക്കൊണ്ടാൽ ഇതിനെല്ലാം അറുതിവരുത്താൻ കഴിയും. അതുകൊണ്ടുതന്നെ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം ചാർത്തി കൊടുക്കുന്നു. താലിബാൻ ആരാണെന്നും അവരുടെ തനിസ്വഭാവം എന്താണെന്നും ലോകത്തിനറിയാം ലോകത്തിന്റെ ഏതെല്ലാം ഭാഗത്തു് മനുഷ്യർ ചേരിതിരിഞ്ഞു സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവോ അവിടങ്ങളിലെല്ലാം എത്തേണ്ട പാഠങ്ങളാണ് ഗുരു നമുക്ക് തന്നിട്ടുള്ളത്. മനുഷ്യൻ ഒന്നാണ്, എന്നാൽ മതത്തിന്റെ പേര് പറഞ്ഞ് മനുഷ്യനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന സംഭവങ്ങൾ നാം പലപ്പോഴും കേൾക്കുന്നു. സാധാരണ ഒരു മതസംഘടനകളും ഇത്തരത്തിലുള്ള
അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ വർഗീയത ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്ന സ്ഥിതിയാണ് ലോകത്തുള്ളത്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം മുറുകെപ്പിടിച്ച് നാം മുന്നോട്ട് പോകണം. അപ്പോൾ മാത്രമാണ് ഗുരുവിനെ നമുക്ക് ദർശിക്കാനാവുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ നടപടികളിൽ ഗുരുസന്ദേശം ദൃശ്യം

ശ്രീനാരായണഗുരുവിന്റെ സന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണമെന്നും പുതിയ കാലത്തിനനുസരിച്ച് ഗുരുദർശനങ്ങളെ നവീകരിച്ച് സമൂഹത്തിൽ പ്രയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുരുവിനെയും ഗുരുസന്ദേശങ്ങളെയും മറന്നുകൊണ്ട് മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവ് സർക്കാരിന്റെ നടപടികളിൽ ദൃശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിന്റെ ‘ജാതിയില്ലാ വിളംബര’ത്തിന്റെ നൂറാം വയസ് ആഘോഷങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ അഞ്ച് വർഷംമുൻപ് സംഘടിപ്പിച്ചു. ഗുരുവിന്റെ ‘ദൈവദശക’ത്തിന്റെ കാര്യത്തിലും വലിയ ആഘോഷം നടത്തി. തിരുവനന്തപുരത്ത് ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചു. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല സ്ഥാപിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ പേരിലാക്കാൻ രണ്ടുതവണ ആലോചിക്കേണ്ടിവന്നില്ല. ഇതിനും പുറമേയാണ് ചെമ്പഴന്തിയിൽ കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. ഒറീസയിലെ സ്തൂപക്ഷേത്ര മാതൃകയിലാണ് കൺവെൻഷൻ സെന്റർ പണികഴിപ്പിച്ചത്. ഗുരുവിന്റെ ജീവചരിത്രവും സംഭാവനകളും വ്യക്തമാക്കുന്ന ആദ്യത്തെ ഡിജിറ്റൽ മ്യൂസിയം ഇവിടെ വേണമെന്നു നിശ്ചയിച്ചതു ഗുരുവിന്റെ സന്ദേശത്തിന്റെ മൂല്യം നന്നായി അറിയുന്നതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരു അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തി. അതിന്റെ മൂല്യം ഉൾക്കൊണ്ടുകൊണ്ട് എൽഡിഎഫ് സർക്കാർ ശ്രീകോവിലിലേക്കു പൂജയ്ക്കായി ജാതിഭേദം നോക്കാതെ മനുഷ്യരെ കയറ്റി. ഗുരുവിന്റെ വേറിട്ട വ്യക്തിത്വവും മനസും മനസിലാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. ആധ്യാത്മിക രംഗത്ത് പ്രവർത്തിച്ച ഗുരുക്കൻമാർ നമുക്ക് ധാരാളമുണ്ട്. എന്നാൽ ആ പ്രവർത്തനത്തെ ജൻമനാടിന്റെ ചരിത്രം തന്നെ വിജയകരമായി മാറ്റിയെഴുതാനുള്ള ആയുധമാക്കിയ ഒരാളേയുള്ളൂ. അത് ശ്രീനാരായണഗുരുവാണ്. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ആ സാമൂഹ്യാവസ്ഥയിലാണ് മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശങ്ങളുമായി ശ്രീനാരായണ ഗുരു ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Exit mobile version