Site iconSite icon Janayugom Online

ആവേശ പെരുമഴയായി ശ്രീനാരായണപുരം വെള്ളച്ചാട്ടം; രണ്ടു മാസത്തിനിടെ എത്തിയത് 30, 000 പേർ

രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്. മഴ തകർത്തു പെയ്യുമ്പോൾ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി 500 ലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലായി 30, 000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തിൽ ഈ സീസണിൽ ഇതിനകം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡിടിപിസി) എട്ട് ലക്ഷം രൂപ ലഭിച്ചു. കരിങ്കല്ലു കൊണ്ടു തീർത്ത ആകർഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഡിടിപിസി ഇവിടെ ഒരുക്കിയിട്ടുണ്ട്. 

റിപ്പിൾ വെള്ളച്ചാട്ടത്തിന്റെ പ്രവർത്തനങ്ങൾക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെ ആകർഷിക്കുവാനായി നടപ്പാക്കിയ ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷൻസ് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടത്തിനും ഫ്രെയിംസ് സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് സുഗമമായി വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാൻ 11 ജീവനക്കാർ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് പ്രവർത്തന സമയം. അഞ്ച് മുതൽ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്. പന്നിയാർകുട്ടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. അടിമാലി, കല്ലാർകുട്ടി വഴിയും ഇങ്ങോട്ടേക്ക് എത്താം. കൊച്ചി, ധനുഷ്കോടി ദേശീയപാതയിൽ കുഞ്ഞിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള വഴിയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. തേക്കിൻകാനത്ത് നിന്ന് 1.5 കിലോമീറ്റർ അകലെ മുതിരപ്പുഴയാറിൽ പരസ്പരം അടുക്കി വച്ചിരിക്കുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളും എവിടേക്ക് യാത്ര ചെയ്ത് എത്തുന്നവർക്ക് കാഴ്ച വിരുന്ന് ഒരുക്കുന്നു. 

Exit mobile version