2019ലെ ഈസ്റ്റര്‍ ദിന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മുന്‍ ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ സുരേഷ് സാലെയെ ക്രിമിനല്‍ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പെലിയഗോഡയിൽ വച്ചായിരുന്നു അറസ്റ്റ്. ഭീകരവാദ നിരോധന നിയമം ചുമത്തിയാണ് സാലെയെ പിടികൂടിയത്.
2019 ഏപ്രിൽ 21 ന് പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരടക്കം 279 പേർ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക ജിഹാദി ഗ്രൂപ്പായ നാഷണൽ തൗഹീദ് ജമാഅത്ത് ആണ് ആക്രമണം നടത്തിയതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
എന്നാൽ സ്ഫോടന സംഭവത്തിന് പിന്നീൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി തുടര്‍ച്ചയായി ആരോപണങ്ങൾ ഉയർന്നു. സ്ഫോടനം നടത്തുന്നതിന് മുൻപ് പ്രതികൾക്ക് സൈനിക ഇന്റലിജൻസിൽ നിന്ന് സഹായം ലഭിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോതബയ രാജപക്സയെ വിജയിപ്പിക്കാൻ ആക്രമണം തടയാതെ ബോധപൂർവം പ്രവര്‍ത്തിച്ചതായും ആരോപണം ഉണ്ടായി. ഇത് സ്ഫോടന സംഭവത്തിന് പിന്നീലെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി.
അനുര കുമാര ദിസനായക സർക്കാർ 2024 ൽ അധികാരമേറ്റതോടെ കേസ് അന്വേഷണം ഊർജ്ജിതമാക്കി. രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുനരന്വേഷണ അനുമതി നൽകിയത്. ഇതോടെ, രാജ്യത്ത് ഭീകരാക്രമണം ഉണ്ടാവാനുള്ള സാധ്യതയെ കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി കണ്ടെത്തി.
ഈ മുന്നറിയിപ്പുകൾ ശ്രീലങ്കൻ രഹസ്യാന്വേഷണ അധികാരികൾക്ക് ലഭിച്ചിരുന്നതായും കണ്ടെത്തി. മുന്നറിയിപ്പ് ലഭിച്ചിട്ടും അന്നത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അതിനെ അവഗണിച്ചതായും അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
തീവ്രവാദം തടയല്‍ നിയമം (പിടിഎ) പ്രകാരം കൃത്യമായ തെളിവുകളോടെയാണ് സാലെയുടെ അറസ്റ്റെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സാലെയുടെ അറസ്റ്റ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം പറഞ്ഞു. അനുര കുമാര ദിസനായകെ അധികാരത്തിലെത്തിയ ശേഷം അറസ്റ്റിലാകുന്ന ആദ്യ പ്രമുഖനാണ് സാലെ.

