Site iconSite icon Janayugom Online

ശ്രീലങ്കന്‍ തുറമുഖം: അഡാനിക്കുള്ള യുഎസ് വായ്പ തടഞ്ഞു

കൈക്കൂലി ആരോപണ കേസില്‍ യുഎസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ തുറമുഖത്തിനുള്ള 553 ദശലക്ഷം ഡോളറിന്റെ അമേരിക്കന്‍ വായ്പ അഡാനി ഗ്രൂപ്പിന് ലഭിക്കില്ലെന്ന് സൂചന. ലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ തുറമുഖ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് ധനസഹായം ലഭിക്കുന്നതിനായി യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനുമായി (ഡിഎഫ‍്സി) വായ്പാ കരാര്‍ അഡാനി ഒപ്പിട്ടിരുന്നു. കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വായ്പയുടെ കാര്യത്തില്‍ തങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതായി ഡിഎഫ‍്സി പിന്നീട് പ്രസ‍്താവിച്ചു. ഇത് ഇടപാട് മുന്നോട്ട് പോകുന്നതിന് തടസമായി. പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് കൊളംബോ ടെര്‍മിനലിന്റെ നിര്‍മ്മാണം നടക്കുകയാണെന്ന് ശ്രീലങ്കന്‍ തുറമുഖ അതോറിട്ടി പറയുന്നു. പദ്ധതിക്ക് നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരേണ്ടത് അഡാനി ഗ്രൂപ്പിന്റെ ഉത്തരവാദിത്തമാണ്. 

രജിസ‍്ട്രാര്‍ ഓഫ് കമ്പനീസിന് അഡാനി പോര്‍ട്ടസ് ആന്റ് സ‍്പെഷ്യല്‍ ഇക്കണോമിക് സോണ്‍ നല്‍കിയ വിവരം അനുസരിച്ച്, ധനസഹായം ആഭ്യന്തരമായി സമാഹരിക്കുമെന്നും കമ്പനിയുടെ മൂലധനം ഉപയോഗിച്ച് കൈകാര്യം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎഫ‍്സി ധനസഹായത്തിനുള്ള അപേക്ഷ പിന്‍വലിച്ചെന്നും കമ്പനി സ്ഥിരീകരിച്ചു. എന്നാല്‍ അമേരിക്കയിലെ കൈക്കൂലി കേസിന്റെ കുറ്റപത്രത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍ഡോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിന് ഇന്ത്യയും അമേരിക്കയും സഹകരിക്കുന്ന സുപ്രധാന പരിപാടിയായിരുന്നു കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച വായ‍്പാ കരാര്‍. കൊളംബോയിലെ ഡീപ്‍വാട്ടര്‍ വെസ്റ്റ് കണ്ടെയ‍്നര്‍ ടെര്‍മിനല്‍ ഈ മാസം പ്രവര്‍ത്തനക്ഷമമാകും. ഇത് ഡിഎ‌ഫ‌്സിയുടെ ഏഷ്യയിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ നിക്ഷേപമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
അതേസമയം വായ്പ തിരിച്ചടയ്ക്കുന്നതിനായി വീണ്ടും വിദേശബാങ്കുകളെ സമീപിക്കാനാണ് അഡാനി ഗ്രൂപ്പിന്റെ നീക്കമെന്നാണ് സൂചന. വരുന്ന മാര്‍ച്ചില്‍ 14,500 കോടി രൂപയുടെ വായ്പകള്‍ കമ്പനിക്ക് തിരിച്ചടയ്ക്കേണ്ടതായി വരും. അഡാനി ഗ്രീന്‍ എനര്‍ജിക്കായി എടുത്ത 105 കോടി ഡോളറിന്റെ (ഏകദേശം 8,900 കോടി രൂപ) വായ്പയാണ് ഇതില്‍ പ്രധാനപ്പെട്ടത്. അംബുജ സിമന്റ്‌സ്, എസിസി എന്നിവ ഉള്‍പ്പെടെയുള്ള അഡാനി സിമന്റ്‌സിന് വേണ്ടി എടുത്ത 30 കോടി ഡോളറിന്റെ (ഏകദേശം 2500 കോടി രൂപ) വായ്പയും മാര്‍ച്ചില്‍ തിരിച്ചടയ്ക്കേണ്ടതുണ്ട്. 

Exit mobile version