അവശ്യവസ്തുക്കളുടെ ഇറക്കുമതിയ്ക്കായി ഇന്ത്യയോട് ഒരു ബില്യണ്‍ ഡോളറിന്റെ അധിക ധനസഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. അരി, ഗോതമ്പ് മാവ്, പയർവർഗങ്ങൾ, പഞ്ചസാര, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി അധിക ധനസഹായം അഭ്യര്‍ത്ഥിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക സഹായ അഭ്യര്‍ത്ഥന സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വിദേശകാര്യ മന്ത്രാലയങ്ങളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നേരത്തെ, അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ഒരു ബില്യണ്‍ ഡോളറിന്റെ ധനസഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ 40000 ടൺ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ അയവുവരുത്താന്‍ ആദായനികുതി, മൂല്യവർധിത നികുതി (വാറ്റ്) നിരക്കുകൾ ഉയർത്താനും റവന്യു അഡ്മിനിസ്ട്രേഷൻ പരിഷ്കരണത്തോടൊപ്പം ഇളവുകൾ കുറയ്ക്കാനും അന്താരാഷ്ട്ര നാണയനിധി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉയർന്ന പൊതുകടം, കുറഞ്ഞ വിദേശ കറൻസി ശേഖരം, ഭാവിയിലെ വലിയ സാമ്പത്തിക ആവശ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളികൾ രാജ്യം നേരിടുന്നുണ്ടെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ചർച്ചകള്‍ക്കായി ധനമന്ത്രി ബേസില്‍ രാജപക്സെ അടുത്ത മാസം യുഎസിലേക്ക് പോകും.
ഇതിനിടെ, പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി. രാജ്യത്ത് വിലക്കയറ്റവും അതിരൂക്ഷമായി തുടരുകയാണ്. ഇന്ധനവില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ശ്രീലങ്കയിൽ ഇന്നലെ ഉണ്ടായത്.
കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ വില ശനിയാഴ്ച മുതൽ 303 രൂപയായി വർധിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികള്‍ ശ്രീലങ്ക അടയ്ക്കും. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Sri Lanka seeks additional financial assistance from India
You may like this video also