Site icon Janayugom Online

ലങ്കാദഹനം; ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് മുന്നറിയിപ്പ്

ശ്രീലങ്കയിലെ കലാപവും അരക്ഷിതാവസ്ഥയും ഒരു അയല്‍രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളായി മാത്രം ഇന്ത്യക്കും ദക്ഷിണേഷ്യയിലെ മറ്റ് രാഷ്ട്രങ്ങള്‍ക്കും നോക്കിക്കാണാനാകില്ല. കാരണം ദക്ഷിണേഷ്യയിലെ മിക്ക രാഷ്ട്രങ്ങളും ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്ന ദുരിതപര്‍വത്തിലേക്കെത്താന്‍ അധികകാലം വേണ്ട. ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് പരിണമിപ്പിക്കാനുള്ള പ്രവണത, വരവില്‍ കവിഞ്ഞ് ചെലവിടല്‍, വംശീയ‑വര്‍ഗീയ വെറുപ്പിനെ പ്രോത്സാഹിപ്പിക്കല്‍, അഴിമതി, കുടുംബവാഴ്ച; ഇതൊക്കെയാണ് ശ്രീലങ്കയുടെ പതനത്തിന് വഴിവച്ച കാരണങ്ങള്‍. ഇതേ കാരണങ്ങള്‍ ദക്ഷിണേഷ്യയിലെ മിക്ക രാഷ്ട്രങ്ങളിലും ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നുണ്ട്. ജനങ്ങളുടെ ജാഗ്രത മാത്രമാണ് ഒരേയൊരു രക്ഷാമാര്‍ഗം. ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) നേതാവ് വേലുപ്പിള്ള പ്രഭാകരനെയും പ്രവര്‍ത്തകരെയും അമര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ ലക്ഷക്കണക്കിന് തമിഴ് വംശജരെ ഉന്മൂലനം ചെയ്തുകൊണ്ടായിരുന്നു മഹിന്ദ രാജപക്സെ, സിംഹള ദേശീയതയുടെ മന്നനായി സ്വയം വാഴിച്ചത്. തമിഴ് വംശഹത്യ നടക്കുമ്പോള്‍ 2009ല്‍ അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് ഗോതബയ. ഇവർ കൊന്നുതള്ളിയ നിഷ്കളങ്കരുടെ ശാപം വേട്ടയാടുന്നതിനാലാകാം ഗതികെട്ട രാജപക്സെയുടെ രാജിയും ജീവന്‍ രക്ഷിച്ചെടുക്കാനുള്ള നെട്ടോട്ടവും. മഹിന്ദ രാജപക്സെയും ഗോതബയയും കൊടിയ യുദ്ധക്കുറ്റവാളികളാണെന്ന് 2010 ലെ വിക്കിലീക്സ് രേഖകളും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. തമിഴരുടെ വംശീയ ഉന്മൂലനത്തിലൂടെ 2010ല്‍ മഹിന്ദ പ്രസിഡന്റ് പദവിയിലെത്തിയെങ്കിലും അദ്ദേഹം കാട്ടിയ അധികാര ദുര്‍വിനിയോഗവും അഴിമതികളും 2015ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.

2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് രാജപക്സെമാരെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരുന്നത്. 2020 ലെ തെരഞ്ഞെടുപ്പില്‍ സിംഹള ദേശീയതയില്‍ മതിമറന്ന് ജനം രാജപക്സെമാര്‍ക്ക് മൃഗീയ ഭൂരിപക്ഷം സമ്മാനിച്ചപ്പോള്‍ മറിച്ചൊരഭിപ്രായത്തിന് ഇടമില്ലാത്ത സഭയുടെ അധികാരികളായി മാറുകയായിരുന്നു അവര്‍. ഗോതബയ രാജപക്സെ പ്രസിഡന്റ്, മഹിന്ദ രാജപക്സെ പ്രധാനമന്ത്രി, മറ്റൊരു സഹോദരന്‍ ബേസില്‍ രാജപക്സെ ധനമന്ത്രി, ഇവരുടെയൊക്കെ മക്കളും സ്തുതിപാഠകരും മറ്റ് മന്ത്രിമാര്‍. അധികാരം കുടുംബത്തിലേക്ക് എത്തിയപ്പോള്‍ പ്രസിഡന്റില്‍ എല്ലാം അധികാരം കേന്ദ്രീകരിക്കും വിധം ഭരണഘടന തിരുത്തുകയായിരുന്നു രാജപക്സെമാര്‍. ക്രമേണ ധൂര്‍ത്തും പൊങ്ങച്ചവും കെടുകാര്യസ്ഥതയും ഭരണകൂടത്തിന്റെ മുഖമുദ്രയായി. ആരോപണങ്ങള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങള്‍കൊണ്ട് ജനങ്ങളെ കൈയിലെടുക്കാന്‍ രാജപക്സെമാര്‍ നടത്തിയ പരിഷ്കാരങ്ങളാണ് ശ്രീലങ്കയുടെ ജിഡിപിയെ തകര്‍ത്തു തരിപ്പണമാക്കിയത്. തത്വദീക്ഷയില്ലാതെ നികുതി ഇളവ് പ്രഖ്യാപിച്ചതോടെ രാജ്യത്തെ മുപ്പത് ശതമാനം പൗരന്മാര്‍ നികുതി വലയ്ക്ക് പുറത്തായി. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ രാസവളം ഇറക്കുമതി നിരോധിച്ചതോടെ ഭക്ഷ്യോല്പാദനം ഗണ്യമായി കുറഞ്ഞു.


ഇതുകൂടി വായിക്കാം; സൗന്ദര്യം നഷ്ടപ്പെടുന്ന മനസുകൾ


ശ്രീലങ്കയ്ക്ക് ഒന്നര ബില്യണ്‍ ഡോളര്‍ വിദേശനാണ്യം നേടിക്കൊടുത്തിരുന്ന തേയില കൃഷി ഇല്ലാതായി. സ്വാതന്ത്ര്യം കിട്ടി എഴുപത്തിനാല് വര്‍ഷം കഴിഞ്ഞിട്ടും ഭക്ഷ്യധാന്യത്തിലോ, പാലിലോ പോലും സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ശ്രീലങ്കയുടെ കാര്‍ഷിക മേഖലയെ അപ്പാടെ തകര്‍ത്തെറിയുകയായിരുന്നു രാജപക്സെമാരുടെ ചിന്താശൂന്യമായ കാര്‍ഷിക പരിഷ്കാരങ്ങള്‍. ചൈനയില്‍ നിന്ന് ലക്കും ലഗാനുമില്ലാതെ ശ്രീലങ്ക കടം വാങ്ങിയതിന്റെ അനന്തരഫലം കൂടിയാണ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കുള്ള മറ്റൊരു പ്രധാനകാരണം. ചൈനയുമായി രാജപക്സെമാര്‍ ഉണ്ടാക്കിയ മിക്ക ഉടമ്പടികളും സുതാര്യമല്ലെന്നും രാജ്യത്തെ വന്‍കടക്കെണിയിലേക്ക് തള്ളിവിട്ട് ഭീമമായ തുകകള്‍ കമ്മിഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളും വിദേശ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. 1971 മുതല്‍ 2004 വരെ 50 കോടി ഡോളറില്‍ താഴെയായിരുന്നു ചൈനയില്‍ നിന്നുള്ള വായ്‌പാസഹായം. മഹിന്ദ രാജപക്സെ പ്രസിഡന്റായതോടെയാണ് ചൈനീസ് വായ്പയെടുക്കൽ കൂടിയത്. 2021ലെ കണക്കുകള്‍ പ്രകാരം ശ്രീലങ്കയുടെ വിദേശകടം 3,500 കോടി ഡോളറാണ്. ചൈനയില്‍ നിന്നെത്തുന്ന വായ്പകളാണ് ഇതിന്റെ പത്തു ശതമാനത്തിലേറെ. ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച വന്‍പദ്ധതികളൊക്കെ ആദായമില്ലാത്തതും രാജ്യത്തിന് ബാധ്യതയുമായി മാറുകയായിരുന്നു.

വായ്പാ തിരിച്ചടവ് പുനഃക്രമീകരിച്ചുകൊടുക്കണമെന്ന ശ്രീലങ്കയുടെ ആവശ്യത്തോട് ചൈന മുഖം തിരിച്ചതോടെ മിക്ക പദ്ധതികളും ചൈനയ്ക്ക് പാട്ടത്തിന് കൈമാറേണ്ടി വന്നു. പ്രസിഡന്റിന്റെ മണ്ഡ‍ലമായ ഹംബന്‍തോട്ടയിലുള്ള തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും 99 വര്‍ഷത്തേക്ക് ചൈനയുടെ അധീനതയിലാണ്. തുറമുഖത്തിന് ചുറ്റുമുള്ള 15,000 ഏക്കര്‍ ഭൂമിയും ചൈന കൈവശപ്പെടുത്തിയിരിക്കുകയാണ്. നാടിന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണം കോവിഡ് ആണെന്ന് ജനകീയ പ്രക്ഷോഭങ്ങള്‍ പുകയാന്‍ തുടങ്ങിയ വേളയില്‍ രാജപക്സെമാര്‍ ന്യായവാദമുന്നയിച്ചിരുന്നെങ്കിലും ഒന്നും ഏശിയില്ല. എല്ലാം മനസിലാക്കിയ ജനതയ്ക്ക് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിയിടം പരതുകയാണ് ജനാധിപത്യ വിരുദ്ധരായ ഭരണാധിപന്‍മാര്‍. ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ സ്വാര്‍ത്ഥമതികളും സ്വേച്ഛാധിപതികളുമായ എല്ലാ ഭരണകര്‍ത്താക്കള്‍ക്കും പാഠമാണ്. ഏതെങ്കിലുമൊരു ദശാസന്ധിയില്‍ അത്തരം ഭരണാധിപന്‍മാര്‍ ജനകീയ മുന്നേറ്റങ്ങളാല്‍ വിചാരണക്ക് വിധേയരാവുകയും വേട്ടയാടപ്പെടുകയും ചെയ്യും. കപട ദേശീയതയുടെ പേരില്‍ ഊറ്റം കൊള്ളുകയും മാനുഷിക മുഖമില്ലാത്ത പ്രത്യയശാസ്ത്രങ്ങളോട് മാനസികാടിമത്തം പ്രകടിപ്പിക്കുകയും ചെയ്യുന്ന ജനം നല്കേണ്ടിവരുന്ന വലിയ പിഴ കൂടിയാണ് ശ്രീലങ്കയിലേതു പോലുള്ള ദുരന്തങ്ങള്‍. ജാഗ്രതയില്ലെങ്കില്‍ ഈ ദുരന്തങ്ങള്‍ എവിടെയും ആവര്‍ത്തിക്കാം.

 

മാറ്റൊലി;

അടിസ്ഥാന സൗകര്യവികസനത്തിന്റെ പേരില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും കടം വാങ്ങുന്നതിലും സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ സാമ്പത്തിക തകർച്ചയും അരാജകത്വവുമാവും ഫലമെന്ന ശ്രീലങ്കന്‍ അനുഭവം കമ്മിഷന്‍ മോഹികളായ ഭരണാധിപന്‍മാര്‍ക്ക് പാഠമാവണം.

Exit mobile version