Site iconSite icon Janayugom Online

എസ്എസ്കെ കേന്ദ്ര ഫണ്ട്; 109 കോടിയിൽ 93 കോടി ലഭിച്ചു: മന്ത്രി വി ശിവൻകുട്ടി

രണ്ടുവർഷത്തിനുശേഷം എസ് എസ് കെ   ഫണ്ട് ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 93 കോടി കിട്ടിയെന്നും ബാക്കി 17 കോടി ഈ ആഴ്ച തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ടതാണ്  എസ് എസ് കെ ഫണ്ട്. കുടിശിഖയും വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അർഹമായ കേന്ദ്ര ഫണ്ട് ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതിൽ കേന്ദ്രത്തിന് കത്ത് അയക്കാൻ വൈകിയെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. നടപടികൾ പുരോഗമിക്കുകയാണെന്നും വൈകാതെ കത്ത് അയക്കുമെന്നും    മന്ത്രി പറഞ്ഞു . സിപിഐക്ക് അതൃപ്തിയുണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. സിപിഐക്ക് വിഷമമില്ലെന്നും കൂട്ടായി കാര്യങ്ങൾ ചെയ്യാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. കേരളം സമർപ്പിച്ച 109 കോടി രൂപയുടെ പ്രപ്പോസലിലാണ് ഈ തുക അനുവദിച്ചത്. നോൺ റക്കറിങ് ഇനത്തിൽ ഇനി കിട്ടാനുള്ളത് 17 കോടി രൂപ. വി​ദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള തുകയാണ് അനുവദിച്ചത്.

ഭിന്നശേഷി  വിദ്യാർത്ഥികളെ    പഠിപ്പിക്കുന്ന സ്പെഷ്യൽ അധ്യാപകർ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജി പരി​ഗണിക്കവേയാണ് തടഞ്ഞുവെച്ച   ഫണ്ട് കേരളത്തിന് നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. തങ്ങളുടെ താത്കാലിക നിയമനം സ്ഥിര നിയമനമായി അം​ഗീകരിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിലവിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് കേന്ദ്രം സഹായങ്ങളൊന്നും ചെയ്യുന്നില്ലെന്ന പരാതിയെ തുടർന്നാണ് എത്രയും പെട്ടെന്ന്   ഫണ്ട് കേന്ദ്രം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ സാഹചര്യത്തിൽ ഒരു കൂട്ടം സ്കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ ശുപാർശ പ്രാവർത്തികമായാൽ 4000 ത്തിലധികം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം വേണ്ടിവരും. സംസ്ഥാനത്തെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ, കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം സ്വന്തം നിലയിൽ വഹിക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ കേരളം ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version