എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20‑ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് ടു മെയ് 25-നകം പ്രസിദ്ധീകരിക്കും. ജൂൺ 1‑ന് സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല.
സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രചാരണം മുന്നോട്ടു കൊണ്ടുപോകും. എല്ലാ ദിവസവും സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകണം. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തും. എല്ലാ സ്കൂളുകളിലും പച്ചക്കറി തോട്ടം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
പാഠപുസ്തക പരിഷ്ക്കരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പല ചരിത്ര ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പാഠപുസ്തക പരിഷ്ക്കരണത്തോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ക്ലാസ് സമയത്ത് വിദ്യാലയത്തിൽ മറ്റു പരിപാടികൾ നടത്താൻ പാടില്ല. അടുത്ത അധ്യയന വർഷം കായിക കലാ രംഗത്തിന് പ്രാധാന്യം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: sslc exam result will be announced by the 20th of next month
You may also like this video