Site icon Janayugom Online

എസ്‌എസ്‌എൽസി പരീക്ഷ ഇന്ന്‌ പൂർത്തിയാകും

സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി പരീക്ഷ ഇന്ന് പൂർത്തിയാകും. ഒന്നാം ഭാഷ ഭാഗം രണ്ടാണ്‌ അവസാന പരീക്ഷ. ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി, ഒന്നു മുതൽ ഒമ്പതു വരെയുള്ള സ്‌കൂൾ പരീക്ഷകൾ എന്നിവ വ്യാഴാഴ്‌ച പൂർത്തിയാകും. വേനലവധിക്കായി വെള്ളിയാഴ്‌ച സ്‌കൂളുകൾ അടയ്ക്കും. ജൂൺ ഒന്നിന്‌ സ്കൂള്‍ തുറക്കും. 

മാർച്ച്‌ ഒമ്പതിന്‌ ആരംഭിച്ച എസ്‌എസ്‌എൽസി പരീക്ഷ 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും 2,960 സെന്ററുകളിലാണ്‌ എഴുതുന്നത്‌. ഉത്തരക്കടലാസ്‌ മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന്‌ മുതൽ 26 വരെ നടക്കും. 18,000 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്‌. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ചു മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. 

മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയും 2023 കേന്ദ്രങ്ങളിലായി എഴുതുന്നുണ്ട്. ഹയർ സെക്കന്‍ഡറി മൂല്യനിർണയം ഏപ്രിൽ മൂന്ന്‌ മുതൽ മേയ് ആദ്യ വാരം വരെ നടക്കും. 80 ക്യാമ്പുകളിലായി 25,000 അധ്യാപകരെയാണ്‌ വിന്യസിച്ചിട്ടുള്ളത്‌. വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയിൽ എട്ട് മൂല്യനിർണയ കേന്ദ്രങ്ങളിലായി 3500 അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഹയർ സെക്കന്‍ഡറി ഫലവും മേയിൽ പ്രസിദ്ധീകരിക്കും.

Eng­lish Summary;SSLC exam will be com­plet­ed today
You may also like this video

Exit mobile version