Site iconSite icon Janayugom Online

സെന്റ് പോൾ ചർച്ച് ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ; കർശന നടപടിയുമായി യുഎസ് ഭരണകൂടം

മിനസോട്ടയിലെ സെന്റ് പോളിലുള്ള ചർച്ച് ഓഫ് സിറ്റീസിൽ (Cities Church) ഞായറാഴ്ച നടന്ന പ്രാർത്ഥന തടസ്സപ്പെടുത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ഫെഡറൽ ഏജൻസികൾ അറസ്റ്റ് ചെയ്തു. യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടി വ്യാഴാഴ്ചയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. മനുഷ്യാവകാശ അഭിഭാഷകയായ നെക്കിമ ലെവി ആംസ്ട്രോങ്ങ്, സെന്റ് പോൾ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ക്ലർക്ക് ചൗണ്ടിൽ ലൂയിസ അല്ലൻ, പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വില്യം കെല്ലി എന്നിവരാണ് അറസ്റ്റിലായത്.

ആരാധനാലയത്തിനുള്ളിൽ വിശ്വാസികൾക്കിടയിൽ കടന്നുകൂടിയ പ്രതിഷേധക്കാർ ശുശ്രൂഷയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും ബഹളം വെക്കുകയും ചെയ്തു. പള്ളിയുടെ പാസ്റ്റർമാരിൽ ഒരാൾ ഐസ് (ICE — ഇമിഗ്രേഷൻ വിഭാഗം) ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ബ്ലാക്ക് ലൈവ്സ് മാറ്റർ (BLM) പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ജനുവരി 7‑ന് ഐസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ റെനി നിക്കോൾ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.

“ആരാധനാലയങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല” എന്ന് അറ്റോർണി ജനറൽ പമേല ബോണ്ടി കർശന മുന്നറിയിപ്പ് നൽകി. എഫ്.ബി.ഐ (FBI) ആണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

Exit mobile version