Site icon Janayugom Online

വജ്രജൂബിലി വർഷത്തിൽ ഇരട്ട റെക്കോർഡുമായി സെന്റ് സേവ്യേഴ്സ് കോളജ്

അറുപതു പ്രകൃതിദത്ത വിഭവങ്ങളിൽനിന്ന് അറുപതു കുട്ടികൾ ചേർന്ന് അറുന്നൂറു സോപ്പുകൾ നിർമ്മിച്ചാണ് കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡിന് സെന്റ് സേവ്യേഴ്സ് വനിത കോളജ് അർഹമായത്. ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലിന്റെയും കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ 60 പ്രകൃതിദത്ത വിഭവങ്ങൾ കൊണ്ടാണ് 600 ഹെർബൽ സോപ്പുകൾ നിർമ്മിച്ചത്. 60 കുട്ടികളാണ് സോപ്പു നിർമാണത്തിൽ പങ്കെടുത്തത്. സാവ്കെയർ ഹെർബൽ സോപ്പു നിർമാണം എന്നു നാമകരണം ചെയ്ത പരിപാടി സെന്റ് സേവ്യേഴ്സിലെ ഇൻക്യുബേഷൻ സെന്ററായ സ്പെയിസിൽ ജനുവരി 11ന് 10.30നാണ് സംഘടിപ്പിച്ചത്. ഇരുപതു കുട്ടികൾ അറുപതു ഇലകളുടെയും ഫലങ്ങളുടെയും സത്തുപയോഗിച്ച് മുന്നൂറ്റി അറുപതു ലഡു നിർമ്മിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡ് നേടിയത് ഇരട്ടി മധുരമായി. 

ബി.വോക് കളിനറി ആർട്സ് ആൻഡ് ഹോസ്പിറ്റൽ മാനേജ്മെന്റ് വിദ്യാർത്ഥികളും കുക്കറി ക്ലബ് അംഗങ്ങളും ചേർന്നാണ് ലഡു നിർമ്മിച്ചത്. ഇരുപതുകുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. യൂണിവേഴ്സൽ റെക്കോർഡ് ഫോറം പ്രസിഡന്റ് ഗിന്നസ് സൌദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ. ജോൺസൻ വി ഇടിക്കുള എന്നിവരടങ്ങിയ ജൂറിയാണ് രേഖകൾ പരിശോധിച്ച് റെക്കോർഡിന് അംഗീകാരം നൽകിയത്. എസ് റെജി (എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ, കേരള സ്റ്റേറ്റ് ഗുഡ്സ് ആൻഡ് ടാക്സ് ഡിപ്പാർട്ട്മെന്റ് എറണാകുളം) നിരീക്ഷകനായിരുന്നു. രസതന്ത്ര വിഭാഗം മേധാവി ഡോ. ന്യൂലി ജോസഫ് പരിപാടിയുടെ കോർഡിനേറ്ററായിരുന്നു. ലഡു നിർമ്മാണത്തിന് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥിയായ നന്ദന ബി എസും, ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ അശ്വതി വി എസുമാണ് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ്, മാനേജർ റവ. സിസ്റ്റർ ചാൾസ്, ജൂബിലി കോർഡിനേറ്റർമാരായ ഡോ. സൌമി മേരി കെ, ഡോ. സിസ്റ്റർ ഷാരിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Exit mobile version