Site iconSite icon Janayugom Online

സന്തോഷ് ട്രോഫിയെ വരവേൽക്കാൻ സ്റ്റേഡിയങ്ങൾ സജ്ജം

75-ാമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളെ വരവേൽക്കാൻ മഞ്ചേരിയിലെയും കോട്ടപ്പടിയിലെയും ഫുട്ബോൾ സ്റ്റേഡിയങ്ങൾ സജ്ജമായി. ഇന്നലെ ഇരു സ്റ്റേഡിയങ്ങളും സന്ദർശിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധികൾ സജ്ജീകരണങ്ങൾ പരിശോധിച്ച് വിലയിരുത്തി. എഐഎഫ്എഫ് കോമ്പറ്റീഷൻ മാനേജർ രാഹുൽ പരേശ്വർ, പ്രതിനിധി ആൻഡ്രൂർ എന്നിവരാണ് സ്റ്റേഡിയങ്ങൾ പരിശോധിച്ചത്. രാവിലെ 9.30ന് പ്രധാനവേദിയായ മഞ്ചേരി പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയമായിരുന്നു ആദ്യം സന്ദർശിച്ചത്. നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ച എഐഎഫ്എഫ് സംഘം ചില അറ്റകുറ്റ പ്രവർത്തനങ്ങൾ നിർദേശിച്ചു. കോർണർ ഫ്ലാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാൻ അവശ്യമായ സ്റ്റാന്റ് നിർമ്മാണം, മീഡിയ റൂമിന്റെ സൗകര്യം വർധിപ്പിക്കൽ, നിലവിലെ ഫ്ലഡ് ലൈറ്റുകളുടെ നവീകരണം, സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവയാണ് എഐഎഫ്എഫ് പ്രതിനിധികൾ നിർദേശിച്ചത്. ഈ പ്രവർത്തികൾ പൂർത്തിയാക്കി ഏപ്രിൽ 10 നകം സ്റ്റേഡിയം എഐഎഫ്എഫിന് കൈമാറണമെന്നും അറിയിച്ചു. പയ്യനാട് സ്റ്റേഡിയത്തിന്റെ പരിശോധനക്ക് ശേഷം കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി. പുല്ലുകളുടെ പരിപാലനങ്ങളിൽ തൃപ്തി അറിയിച്ച സംഘം പെയ്ന്റിങ് പ്രവർത്തനങ്ങളും ഫെൻസിങ് മാറ്റിസ്ഥാപിക്കലും വേഗത്തിലാക്കണമെന്ന് അറിയിച്ചു. ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾക്ക് പുറമെ പരിശീലന ഗ്രൗണ്ടുകളും പരിശോധിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. താരങ്ങൾക്കും ഒഫീഷ്യൽസിനും നഗരത്തിൽ ഒരുക്കിയിട്ടുള്ള താമസ സൗകര്യങ്ങളും സംഘം പരിശോധിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ യു ഷറഫലി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി ഋഷികേശ് കുമാർ, കെ അബ്ദുൽ നാസർ, സി സുരേഷ്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി എം മുഹമ്മദ് സലിം, മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി അഷ്റഫ്, സെക്രട്ടറി പി എം സുധീർ എന്നിവരും അനുഗമിച്ചു.

Eng­lish sum­ma­ry; Sta­di­ums ready to wel­come San­tosh Trophy

You may also like this video;

Exit mobile version