Site iconSite icon Janayugom Online

ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് സ്റ്റാലിൻ; മണ്ഡല പുനർനിർണയം ചർച്ച ചെയ്യുന്ന യോഗം ചെന്നൈയിൽ തുടങ്ങി

ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചെന്നൈയിൽ ആരംഭിച്ച മണ്ഡല പുനർനിർണയം ചർച്ച ചെയ്യുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്‌ട്രപതിയെ കാണും. എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കും. മണ്ഡല പുനർനിർണയ നീക്കം പാർലമെന്റില്‍ യോജിച്ച് തടയും. 

ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്രദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ യോഗത്തിൽ 13 പാർട്ടികൾ പങ്കെടുക്കുന്നുണ്ട്. മണ്ഡല പുനർനിർണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ച് എതിർക്കുന്നത്. മണ്ഡല പുനർനിർണായത്തിന് എതിരല്ലെന്നും എന്നാൽ നടപടി ഏകപക്ഷീയം ആകാൻ പാടില്ലെന്നും സ്റ്റാലിൻ പറഞ്ഞു. നിലവിലെ സ്ഥിതിയിൽ തമിഴ്‌നാടിന് എട്ട് സീറ്റ് നഷ്ടമാകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ടിആർഎസ് വർക്കിങ് പ്രസിഡന്റും മുൻ തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു, ബിജെഡി നേതാവും മുൻ ഒഡിഷ മന്ത്രിയുമായ സഞ്ചയ് കുമാർ ദാസ് ബുർമ, ശിരോമണി അകാലിദൾ നേതാവും മുൻ എംപിയുമായ സർദാർ ബൽവീന്ദർ സിങ് ഭുൻഡാർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ, എഐഎംഐഎം നേതാവ് ഇംതിയാസ് ജലീൽ, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും എം. പിയുമായ അഡ്വ. ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Exit mobile version