Site iconSite icon Janayugom Online

രണ്ട് തരം ഇന്ത്യ; ആറുമിനിട്ട് മോണോലോഗിൽ സംഘപരിവാറിനെ വലിച്ചുകീറി വീർ ദാസ്

വെറും ആറുമിനിട്ട് മോണോലോഗിൽ സംഘപരിവാറിന്റെയും ബിജെപിയുടെയും മുഖംമൂടികൾ വലിച്ചുകീറി ബോളിവുഡ് നടനും കൊമേഡിയനുമായ വീർ ദാസ്. അമേരിക്കയിൽ വെച്ച് നടന്ന ഒരു പരിപാടിക്കിടെ വീർ ദാസ് അവതരിപ്പിച്ച മോണോലോഗ് ഇന്ത്യയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പരാതി നൽകിയിരിക്കുകയാണ്. വാഷിംഗ്ടണിലെ ജോൺ എഫ് കെന്നഡി സെന്ററിൽ നടന്ന പരിപാടിയുടെ വീഡിയോ യുട്യൂബിൽ രണ്ടുദിവസംകൊണ്ട് ഒരു ദശലക്ഷത്തിലധികംപേർ കണ്ടുകഴിഞ്ഞു. ഞാൻ രണ്ട് തരം ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. ഇന്ത്യയുടെ പരാജയപ്പെട്ട കോവിഡ് പ്രതിരോധം, ബലാത്സംഗ കേസുകൾ, കൊമേഡിയന്മാർക്കെതിരെയുള്ള കേസുകളും നടപടികളും, കർഷക സമരം, പിഎം കെയേഴ്സ് തുടങ്ങിയവയെല്ലാം ഇതിൽ പരാമർശിക്കപ്പെടുന്നു. സസ്യാഹാരികളെന്ന് അഭിമാനിക്കുകയും അതേസമയം അവ കൃഷിചെയ്തുണ്ടാക്കുന്ന കർഷകരുടെ മേൽ വാഹനമോടിച്ചുകയറ്റുകയും ചെയ്യുന്നവരുടെ നാടാണ് ഇന്ത്യയെന്ന് വീഡിയോയിൽ പറയുന്നു. 

ലോകത്തിൽ ഏറ്റവുമധികം തൊഴിലെടുക്കുന്ന ജനസംഖ്യയുള്ള ഇന്ത്യയിൽ 150 വർഷം പഴകിയ ആശയങ്ങളുള്ള, 75 കഴിഞ്ഞ നേതാക്കളെ ശ്രവിക്കേണ്ടിവരുന്നു. പ്രധാനമന്ത്രിയുടെ ശ്രദ്ധയെക്കുറിച്ച് ഏറെ കേൾക്കപ്പെടുന്നുണ്ടെങ്കിലും പിഎം കെയേഴ്സിനെക്കുറിച്ച് വിവരം ലഭിക്കാനില്ലെന്നും വീർ ദാസ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ പകൽ നേരങ്ങളിൽ ആരാധിക്കുകയും രാത്രികാലങ്ങളിൽ കൂട്ടബലാത്സംഗങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നിന്നാണ് താൻ വരുന്നത് എന്ന പരാമർശവും വിവാദത്തിലായി. അതേസമയം തന്റെ ഉദ്ദേശം പ്രശ്നങ്ങളും വൈരുദ്ധാത്മകതയും ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നുവെന്നും തന്റെ രാജ്യം പ്രശ്നങ്ങളുണ്ടെങ്കിലും മഹത്തരമാണെന്നും വീർ ദാസ് പറഞ്ഞു. എല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. ഒരേ ഇന്ത്യയിൽ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നതിനെയാണ് പരിഹസിച്ചതെന്നും വീർ ദാസ് പറഞ്ഞു. മുമ്പും കേന്ദ്രസർക്കാർ നയങ്ങളെ വീർ ദാസ് വിമർശിച്ചിട്ടുണ്ട്. ബിജെപിയുടെ ഡൽഹി വക്താവ് ആദിത്യ ഝായാണ് വീർ ദാസിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 

ENGLISH SUMMARY:standup com­e­dy virdas
You may also like this video

Exit mobile version