Site iconSite icon Janayugom Online

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

സമരപോരാട്ടഭൂമികയായ ഫറോക്കില്‍ സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഫാസിസത്തെ ചെറുക്കാൻ സോഷ്യലിസ്റ്റ് മുന്നേറ്റത്തിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സി മഹേന്ദ്രൻ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫറോക്ക് നല്ലൂർ കോരുജി നഗറിൽ (മുൻസിപ്പൽ മൈതാനം നല്ലൂർ) നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി എല്ലാ അർത്ഥത്തിലും ഫാസിസ്റ്റാണ്. ആർഎസ്എസിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്. രാജ്യത്ത് ഒന്നിപ്പിക്കാൻ കഴിയുന്ന എല്ലാവരേയും ഒന്നിപ്പിച്ച് ഫാസിസത്തിനെതിരെ മുന്നേറ്റം നടത്താൻ കഴിയണം. അതിന് കമ്മ്യൂണിസ്റ്റ് പാർട്ടി എപ്പോഴും മുമ്പിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം കോവിഡിന്റെ പിടിയിലമർന്നപ്പോൾ രോഗത്തെപ്പോലും തങ്ങളുടെ വ്യവസായസാമ്രാജ്യം വളർത്തുന്നതിനായാണ് കോർപറേറ്റ് മൂലധനശക്തികൾ നീക്കം നടത്തിയത്. അവർ രോഗത്തെ കച്ചവടവല്ക്കരിച്ചു. രാജ്യത്തെ ഭരണകൂടത്തിന്റെ ഒത്താശയോടെയായിരുന്നു ഇവരുടെ പണസമ്പാദനം. എന്നാൽ സോഷ്യലിസ്റ്റ് രാജ്യങ്ങൾ കോവിഡിനെ ശക്തമായി പ്രതിരോധിച്ചു. മുതലാളിത്ത രാജ്യങ്ങൾ രോഗപ്രതിരോധത്തിനായി നീക്കിവെച്ച തുക സാധാരണക്കാരന് അപ്രാപ്യമാകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തിലാണ് ജനങ്ങൾക്ക് പ്രതീക്ഷ. സ്ഥിതി സമത്വവും ലിംഗനീതിയും അവസര സമത്വവും സാമൂഹ്യ ക്ഷേമവുമെല്ലാമാണ് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത്, എന്നാൽ വലതുപക്ഷമാകട്ടെ സർവ്വനാശത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഭഗത് സിംഗിന്റെ കണ്ഠത്തിൽ നിന്നുയർന്ന ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം രാജ്യം മുഴുവൻ മുഴങ്ങിയപ്പോഴാണ് ബ്രിട്ടീഷുകാർക്ക് ഇന്ത്യ വിടേണ്ടിവന്നത്. ഇതേ മുദ്രാവാക്യമുയർത്തി രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തെ തകർത്തെറിയാനും കഴിയും. അതിന് ജനങ്ങളുടെ സംഘടിതമായ സാമൂഹ്യമുന്നേറ്റം അനിവാര്യമാണെന്നും അതിന് ഇടതുപക്ഷം നേതൃത്വപരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ചന്ദ്രൻ, പി വസന്തം, പാർട്ടി നേതാക്കളായ ഇ കെ വിജയൻ എം എൽ എ, ആർ ശശി, എം നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പിലാക്കാട്ട് ഷൺമുഖൻ സ്വാഗതവും റിയാസ് അഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് നല്ലൂർ സ്റ്റേഡിയത്തിൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം’ അരങ്ങേറി. പൊതുസമ്മേളന നഗരയിൽ സി പി ഐ ജില്ലാ എക്സി. അംഗം കെ ജി പങ്കജാക്ഷൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
വൈകിട്ട് പതാക‑കൊടിമര‑ബാനർ‑ദീപശിഖ ജാഥകൾ സംഗമിച്ച് പൊതുസമ്മേളന നഗരിയിലേക്ക് പ്രവേശിച്ചു. ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തൊഴിലാളി സഖാക്കളുടെ നേതൃത്വത്തിൽ എത്തിച്ച പതാക സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും ഫറോക്ക് കരുവന്തിരുത്തിയിലെ സ: വലിയാട്ടിൽ സുരേന്ദ്രന്റെ സ്മൃതി കുടീരത്തിൽ നിന്നും കർഷക-കർഷക തൊഴിലാളികളുടെ നേതൃത്വത്തിൽ എത്തിച്ച കൊടിമരം സ്വാഗതസംഘം ചെയർമാൻ പിലാക്കാട്ട് ഷൺമുഖനും മുക്കം ആനയാംകുന്ന് രക്തസാക്ഷി സ്മാരകത്തിൽ നിന്ന് മഹിളാ സഖാക്കളുടെ നേതൃത്വത്തിൽ എത്തിച്ച ബാനർ സിപിഐ ജില്ലാ കൗൺസിൽ അംഗം നരിക്കുനി ബാബുരാജും കോഴിക്കോട് കടപ്പുറത്തെ സ്വാതന്ത്ര്യസമര രക്തസാക്ഷി സ്മാരകത്തിൽ നിന്ന് യുവജന‑വിദ്യാർത്ഥി സഖാക്കളുടെ നേതൃത്വത്തിൽ അത് ലറ്റുകൾ റിലേയായി എത്തിച്ച ദീപശിഖ പാർട്ടി ജില്ലാ എക്സി. അംഗം അഡ്വ. പി ഗവാസും സമ്മേളന നഗരയിൽ ഏറ്റുവാങ്ങി. തുടർന്ന് പതാക ഉയർത്തി.
ഇന്ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം കല്ലമ്പാറ ഐ വി ശശാങ്കൻ നഗറിൽ (ആംബിയൻസ് ഓഡിറ്റോറിയം) പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ എ കെ ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തും. ജില്ലയിലെ 16 മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ പങ്കെടുക്കും. 24ന് വൈകുന്നേരം സമ്മേളനം സമാപിക്കും.
Eng­lish Sum­ma­ry : start to CPI Kozhikode dis­trict conference
You may also like this video
Exit mobile version