Site iconSite icon Janayugom Online

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഭക്ഷണ വിതരണക്കാരെന്ന് മന്ത്രി

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വിവാദത്തില്‍. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഭക്ഷണ വിതരണ, ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിം എന്നീ മേഖലകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു പീയുഷ് ഗോയലിന്റെ വിമര്‍ശനം.
ന്യുഡല്‍ഹിയില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025 വേദിയിലായിരുന്നു ഗോയലിന്റെ വിമര്‍ശനം. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സ്വഭാവമല്ല ഇത്തരം കമ്പനികള്‍ക്കുള്ളതെന്നും അവര്‍ സംരംഭക റോളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്നും മന്ത്രി തുറന്നടിച്ചു. ഇന്ത്യയിലെ ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകള്‍ എന്താണ് ചെയ്യുന്നത്? ഭക്ഷണം വീട്ടിലെത്തിക്കുന്ന ആപ്പുകളിലാണ് ശ്രദ്ധ. തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവാക്കളെ കുറഞ്ഞ വേതനംകൊണ്ട് സമ്പന്നരുടെ ഭക്ഷണം എത്തിക്കാനുള്ള തൊഴിലാളികളാക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ഈ സമയം ചൈനയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്താണ് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. 

മന്ത്രിയുടെ വിമര്‍ശനം വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ രംഗത്തെത്തി. തന്റെ കമ്പനി മൂന്നുവര്‍ഷം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു സെപ്‌റ്റോ സിഇഒ ആദിത് പലിച്ചയുടെ എക്സിലെ കുറിപ്പ്. മൂന്നു വര്‍ഷം കൊണ്ട് 1.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്കു സാധിച്ചു. പ്രതിവര്‍ഷം നികുതിയായി മാത്രം 1,000 കോടി രൂപയ്ക്കു മുകളില്‍ സര്‍ക്കാരിലേക്ക് നല്‍കുന്നു. കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ആദിത് പാലിച്ച പറയുന്നു.
ഉല്പന്ന, സേവന വിതരണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ വിമര്‍ശിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍, സര്‍ക്കാരിനും ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്നും ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ദാസ് പൈ പ്രതികരിച്ചു. ക്ഷേത്രനിര്‍മ്മാണത്തിലും പ്രതിമകളിലും നിക്ഷേപം നടത്തിയാല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗം വളരില്ലെന്ന വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. 

Exit mobile version