Site iconSite icon Janayugom Online

കേന്ദ്ര ജീവനക്കാരുടെ അഴിമതി സംസ്ഥാന ഏജന്‍സിക്ക് അന്വേഷിക്കാം; സുപ്രീം കോടതി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളാകുന്ന അഴിമതി കേസില്‍ സംസ്ഥാന പൊലീസിനും അഴിമതി വിരുദ്ധ ഏജന്‍സിക്കും അന്വേഷണം നടത്താമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ ഏജന്‍സി പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞാല്‍ സിബിഐ അനുമതി ഇല്ലാതെ തന്നെ സംസ്ഥാന അന്വേഷണ ഏജന്‍സിക്ക് മുന്നോട്ട് പോകാമെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് (പിസി ആക്ട്) പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളാകുന്ന അഴിമതിക്കേസ് സിബിഐ അന്വേഷണ പരിധിയില്‍ മാത്രം നടത്തണമെന്ന വാദം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ജെ ബി പാര്‍ഡിവാല, സതീഷ്ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

2015ല്‍ അഴിമതിക്കേസില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) കുറ്റപത്രം റദ്ദാക്കാന്‍ വിസമ്മതിച്ച രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജി പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്. ഹൈക്കോടതി വിധി ശരിവച്ച ബെഞ്ച് ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോ കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സിബിഐയുടെ മുന്‍കൂര്‍ അനുമതിയോ സമ്മതമോ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. 1946ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ട് പ്രകാരമാണ് സിബിഐ രൂപീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നുണ്ടെങ്കിലും മറ്റ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള സംസ്ഥാന പൊലീസിന്റെ അധികാരം ഈ ആക്ട് എടുത്തുകളയുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

Exit mobile version