Site icon Janayugom Online

നിയമസഭാ സമ്മേളനങ്ങള്‍ ശുഷ്കം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ സമ്മേളന ദിനങ്ങള്‍ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളന കാലയളവില്‍ മാത്രമാണ് കുടുതല്‍ ദിവസം സഭ ചേരുന്നതെന്നും പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ല്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ നിയമസഭകള്‍ ശരാശരി 21 ദിവസം മാത്രമാണ് ചേര്‍ന്നിരിക്കുന്നത്.  2022 ല്‍ ഏറ്റവും കൂടുതല്‍ ദിനങ്ങള്‍ നിയമനിര്‍മ്മാണത്തിനായി ചെലവഴിച്ചത് കര്‍ണാടകയാണ്, 45 ദിവസം. തൊട്ടുപുറകില്‍ പശ്ചിമബംഗാളും, 42 ദിവസം. മൂന്നാം സ്ഥാനത്ത് കേരളമാണ്. 41 ദിവസം സഭാ സമ്മേളനം നടന്നു.
വര്‍ഷത്തില്‍ രണ്ടു മുതല്‍ മുന്നു തവണ വരെ സമ്മേളനമാണ് കൂടുതല്‍ സംസ്ഥാനങ്ങളിലും വിളിച്ചു ചേര്‍ത്തത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ബജറ്റ് പാസാക്കാന്‍ വേണ്ടിയാണ് പ്രധാനമായും സമ്മേളനം നടത്തിയത്. ഇവിടങ്ങളില്‍ മണ്‍സൂണ്‍, ശീതകാല സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 12 നിയമസഭകള്‍ വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ് ചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ദിനങ്ങളുടെ ശരാശരി തോത് 61 ശതമാനം മാത്രമാണ്. തമിഴ്നാട് നിയമസഭ ബജറ്റ് സമ്മേളനത്തിന്റെ 90 ശതമാനം ദിനങ്ങള്‍ വിനിയോഗിച്ചതായും , ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ 80 ശതമാനം ബജറ്റ് ദിനങ്ങള്‍ വിനിയോഗിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര നിയമസഭ എട്ടുമണിക്കൂര്‍ വരെ നീണ്ടു പോയത് ഒഴിച്ചാല്‍ ബാക്കിയുള്ള വിവിധ സംസ്ഥാനങ്ങളില്‍ സഭാ ചേര്‍ന്നത് കേവലം അഞ്ച് മണിക്കൂര്‍ മാത്രമാണ്. സിക്കിം നിയമസഭ 2022 ല്‍ കേവലം രണ്ടു മണിക്കൂര്‍ മാത്രമാണ് നിയമ നിര്‍മ്മാണത്തിനായി ചേര്‍ന്നത്.
2016 മുതല്‍ 2022 വരെയുള്ള കാലത്ത് 24 സംസ്ഥാനങ്ങളില്‍ 25 ദിവസം മാത്രമാണ് ശരാശരി സമ്മേളനം നടന്നത്. ഇതില്‍ കേരളമാണ് 48 ദിവസം സിറ്റിങ് നടത്തി മുന്‍നിരയിലുള്ളത്. 2016 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ സമ്മേളന ദിനങ്ങള്‍ ഗണ്യമായി ചുരുങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സഭാ ദിനങ്ങള്‍ കുറഞ്ഞ‍തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അംഗസംഖ്യ അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ കുറഞ്ഞത് എത്ര ദിവസം സഭ ചേരണമെന്ന് നാഷണല്‍ കമ്മിഷന്‍ റ്റു റിവ്യു ദി വര്‍ക്കിങ് ഓഫ് ദി കോണ്‍സ്റ്റിറ്റ്യൂഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അത്തരം നിര്‍ദേശം പല സംസ്ഥാനങ്ങളും പാലിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക, രാജസ്ഥാന്‍, യുപി തുടങ്ങിയ  സംസ്ഥാനങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് വര്‍ഷത്തില്‍ 35 കുറയാത്ത വിധം സഭ ചേരണമെന്നാണ് നിര്‍ദേശം. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടാറില്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 202 പ്രകാരം എല്ലാ നിയമസഭകളും ബജറ്റ് സമ്മേളനം നടത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍ ശരാശരി 20 സംസ്ഥാനങ്ങളില്‍ ബജറ്റ് സമ്മേളന കാലയളവ് എട്ട് ദിവസം മാത്രമാണ് നീണ്ടുനിന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 2022 ല്‍  21 ബില്ലുകള്‍ മാത്രമാണ് പാസാക്കിയത്. ഭൂമി, തൊഴില്‍, സാമുഹ്യ നീതി, ധനകാര്യ ബില്‍ എന്നിവ ഇവയില്‍പ്പെടില്ല. കേരളം, കര്‍ണാടക, മേഘാലയ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് പല ബില്ലുകളും പാസക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

eng­lish summary;State Assem­blies met for aver­age 21 days in 2022: report

you may also like this video;

Exit mobile version