Site iconSite icon Janayugom Online

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ മരുന്നുകള്‍ക്ക് സംസ്ഥാനത്ത് നിരോധനം; ഉത്തരവിറക്കി മന്ത്രി വീണാ ജോര്‍ജ്

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന ഒരു മരുന്നും കേരളത്തിൽ വിൽക്കരുതെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കൂടാതെ, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ ഫ്രഷ് ടി ആർ 60ml ചുമ മരുന്നിന്റെ വിൽപ്പനയും സംസ്ഥാനത്ത് നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ ആരംഭിച്ച സാഹചര്യത്തിലാണ് കേരളത്തിലും ഈ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ അഞ്ച് മരുന്ന് വിതരണക്കാരാണ് ഈ കമ്പനിയുടെ മരുന്നുകൾ വിതരണം ചെയ്യുന്നത്. ഈ വിതരണക്കാരോട് ഉടൻതന്നെ മരുന്ന് വിതരണം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം മറികടന്ന് മരുന്ന് വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഈ മരുന്നുകൾ കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും അറിയിപ്പിൽ പറയുന്നു.
ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്. 

Exit mobile version