Site iconSite icon Janayugom Online

ബജറ്റ് അവതരണം തുടങ്ങി

സംസ്ഥാന സർക്കാരിന്റെ പൊതുബജറ്റിന്റെ അവതരണം ധനമന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങി. അതിജീവനം യാഥാർത്ഥ്യമായ സന്ദർഭമാണിതെന്ന ആമുഖത്തോടെയാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. കടലാസ് രഹിത ബജറ്റ് എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. ടാബിലിൽ തുറന്നാണ് ധനമന്ത്രി ബജറ്റ് വായിച്ചത്. ഒറ്റപ്പെടലിന്റെ ദുഃഖത്തിൽ നിന്ന് കൂടിചേരലിന്റെ സന്തോഷമാണ് ഇന്ന് സമൂഹത്തിനെന്നും ധനമന്ത്രി ആമുഖത്തിൽ പറഞ്ഞു. ബജറ്റിന് ഒന്നോ രണ്ടോ ദിവസം മുമ്പ് പ്രസിദ്ധമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ബജറ്റിനൊപ്പം മേശപ്പുറത്ത് വച്ചതിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചോദ്യം ചെയ്തു. എന്നാൽ ഇതിൽ ചട്ടവിരുദ്ധമായ ഒന്നുമില്ലെന്ന് സ്പീക്കർ എം ബി രാജേഷ് മറുപടി നൽകി. സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക അവസ്ഥയെ സംബന്ധിച്ച് പഠിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്നതാണ് ഓരോ വര്‍ഷത്തെയും സാമ്പത്തിക അവലോകനം അഥവാ എക്കണോമിക്ക് രേഖ (Eco­nom­ic Review) എന്ന രേഖ. എല്ലാ വര്‍ഷവും ബഡ്ജറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ഈ രേഖ ധനകാര്യമന്ത്രി സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ഒരു പഠനരേഖ എന്ന നിലയില്‍ സാമ്പത്തിക അവലോകനം കേന്ദ്ര ബഡ്ജറ്റിനു മുമ്പായി മേശപ്പുറത്തു വയ്ക്കുന്നത് പാര്‍ലമെന്റിലും ഒരു കീഴ് വഴക്കമാണ്. എന്നാല്‍ ഭരണഘടനാ പ്രകാരമോ സഭാചട്ട പ്രകാരമോ കൃത്യമായ ഒരു സമയപരിധിക്കുള്ളില്‍ സഭയില്‍ സമര്‍പ്പിച്ചിരിക്കേണ്ട ഒരു സ്റ്റാറ്റ്യൂട്ടറി രേഖയായിട്ടല്ല ഇതിനെ പരിഗണിക്കപ്പെട്ടു വരുന്നതെന്ന് സ്പീക്കർ വിശദീകരിച്ചു.

നമ്മുടെ സഭയില്‍ 1994 ന് മുമ്പുവരെ ബഡ്ജറ്റ് രേഖകളോടൊപ്പം തന്നെയാണ് സാമ്പത്തിക അവലോകനവും സഭയുടെ മേശപ്പുറത്തു വച്ചിരുന്നത്. 1994 മാര്‍ച്ചിലാണ് ആദ്യമായി ബഡ്ജറ്റിന് രണ്ട് ദിവസം മുമ്പ് സാമ്പത്തിക അവലോകനം സഭയുടെ മേശപ്പുറത്തു വച്ചുതുടങ്ങിയത്. എന്നിരുന്നാല്‍ത്തന്നെയും ഇതിനിടയില്‍ ഏതാനും വര്‍ഷങ്ങളില്‍ സാങ്കേതികമായ കാരണങ്ങളാല്‍ ബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായി അതിന് സാധിച്ചിരുന്നില്ലെന്നാണ് സഭാ രേഖകളില്‍നിന്നും മനസ്സിലാക്കുന്നത്.
പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചതുപോലെ കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ 2003, 2004, 2012 എന്നീ വര്‍ഷങ്ങളില്‍ അതതു വര്‍ഷത്തെ സാമ്പത്തിക അവലോകനങ്ങള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കാതെ തന്നെ അംഗങ്ങള്‍ക്ക് വിതരണം നടത്തിയ കീഴ് വഴക്കവും നമ്മുടെ സഭയില്‍ ഉണ്ടായിട്ടുള്ളതായി രേഖകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിവരിച്ചു.

ഈ വര്‍ഷം സഭയുടെ നടപ്പു സമ്മേളനത്തിനിടയ്ക്ക് പതിനാലു ദിവസത്തെ ഇടവേള വരികയും തുടര്‍ന്ന് ഇന്ന് ബഡ്ജറ്റ് അവതരണത്തിനായി സഭ വീണ്ടും സമ്മേളിക്കുന്നതുമായ ഒരു സ്ഥിതിവിശേഷം ഉണ്ടായതുകൊണ്ടാണ് 2021‑ലെ സാമ്പത്തിക അവലോകനം ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ കഴിയാതിരുന്നത് എന്ന കാര്യം നമുക്കൊക്കെ അറിയാവുന്നതാണ്. ഇക്കാര്യത്തില്‍ ചട്ടവിരുദ്ധമായ ഒന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. സഭയില്‍ നിലനില്‍ക്കുന്ന കീഴ്വഴക്കങ്ങളില്‍ സാന്ദര്‍ഭികമായി സംഭവിച്ച ഒരു വ്യതിയാനം മാത്രമാണുണ്ടായിട്ടുള്ളത്.

എന്നാല്‍ സാമ്പത്തിക അവലോകനം പോലൊരു സുപ്രധാന രേഖ ഔപചാരികമായി സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനും അംഗങ്ങള്‍ക്ക് അതിന്റെ കോപ്പികള്‍ ലഭ്യമാക്കുന്നതിനും മുമ്പ് സഭയ്ക്ക് പുറത്ത് പ്രസിദ്ധീകരിക്കുന്നതിനോട് പൊതുവില്‍ ചെയറിന് യോജിപ്പില്ലാതിരുന്നതിനാലാണ് ഈ രേഖ കാലേക്കൂട്ടി ലഭ്യമാക്കിയിരുന്നെങ്കില്‍പ്പോലും ഇന്ന് ഔദ്യോഗികമായി സഭയുടെ മേശപ്പുറത്ത് വച്ചതിനുശേഷം പുറത്ത് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ബന്ധപ്പെട്ടവരുമായി കൂടി ആലോചിച്ച് കൈക്കൊണ്ടത് എന്നും സ്പീക്കർ പറഞ്ഞു.

ഇന്ന് ബഡ്ജറ്റിനോടൊപ്പമാണ് ഈ രേഖ അംഗങ്ങള്‍ക്ക് ലഭ്യമാകുന്നതെങ്കില്‍പ്പോലും നാളെയും അതിനടുത്ത ദിവസവം സഭാ സമ്മേളനം ഇല്ലാത്ത സാഹചര്യത്തില്‍ ബഡ്ജറ്റിനെ സംബന്ധിച്ച് തിങ്കളാഴ്ച മുതല്‍ നടക്കുന്ന പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക അവലോകനത്തിലെ ഉള്ളടക്കം കൂടി വിശദമായി പഠിക്കുവാന്‍ വേണ്ടത്ര സമയം ലഭ്യമാകുമെന്നാണ് കാണുന്നത്. എന്നിരുന്നാലും ഭാവിയില്‍ ഇതൊരു കീഴ്വഴക്കമായി മാറുന്നതിനോട് ചെയര്‍ ഒട്ടുംതന്നെ യോജിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ബഡ്ജറ്റ് അവതരണത്തിനു മുമ്പായി 2021- ലെ സാമ്പത്തിക അവലോകനം സഭയുടെ മേശപ്പുറത്ത് വയ്ക്കാതിരുന്നതും അതിന്റെ കോപ്പികള്‍ അംഗങ്ങള്‍ക്ക് നല്‍കാതിരുന്നതും സംബന്ധിച്ച് ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള ക്രമപ്രശ്നം തീര്‍പ്പാക്കിയതായി സ്പീക്കർ റൂള്‍ ചെയ്തു.

 

പ്രധാന പ്രഖ്യാപനങ്ങള്‍

 

 

Eng­lish Summary:state bud­get started
You may also like this video

Exit mobile version