Site iconSite icon Janayugom Online

കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

കേരളീയ സ്ത്രീ മുന്നേറ്റത്തിന് കുതിപ്പേകിയ പോരാട്ട സ്മരണകൾ ഇരമ്പുന്ന തൃശൂരിൽ കേരള മഹിളാസംഘം സംസ്ഥാനസമ്മേളനത്തിന് ആവേശോജ്വലമായ തുടക്കം. വിപ്ലവഗായിക പി കെ മേദിനി പതാകയുയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച ബാനര്‍, കൊടിമര, പതാക ജാഥകള്‍ വൈകിട്ട് ആറ് മണിയോടെ തെക്കേ ഗോപുരനടയിൽ സമാപിച്ചു. ബാനർ സംസ്ഥാന പ്രസിഡന്റ് ജെ ചിഞ്ചുറാണിയും കൊടിമരം കമലാസദാനന്ദനും പി വസന്തം, ആർ ലതാദേവി എന്നിവരും ഏറ്റുവാങ്ങി.

തുടർന്ന് സി സത്യഭാമ നഗറിൽ സാംസ്കാരിക സമ്മേളനം എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 10ന് റീജണൽ തീയറ്ററിൽ (രമണി ജോർജ് നഗർ) പ്രതിനിധിസമ്മേളനം തുടങ്ങും. എൻഎഫ്ഐഡബ്ല്യു ദേശീയ സെക്രട്ടറി നിഷ സിദ്ധു ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

രാജ്യത്ത് വ്യാപകമായ വംശഹത്യയിലൂടെ സ്ത്രീകളും കുട്ടികളും നിരാലംബരാക്കപ്പെടുകയും വർഗപരവും സാമൂഹികവുമായ വിവേചനത്തിനും ഇരയാക്കപ്പെടുന്ന സാഹചര്യത്തിൽ സമ്മേളനത്തിൽ ഈ വിഷയങ്ങളെല്ലാം ചർച്ചചെയ്യപ്പെടും. സാമൂഹ്യപ്രശ്നങ്ങൾക്കെതിരായ പോരാട്ടത്തിലും അധികാര ശ്രേണികളിലും സ്ത്രീകളുടെ പങ്കാളിത്തം വളരെയധികം പ്രാധാന്യമർഹിക്കുന്ന വേളയിൽ 10 വരെ സാംസ്കാരിക തലസ്ഥാനത്ത് നടക്കുന്ന മഹിളാസംഘം സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് സ്ത്രീ സമൂഹം ഉറ്റുനോക്കുന്നത്.

Eng­lish Sum­ma­ry: State Con­fer­ence of Ker­ala Mahilasangham
You may also like this video

Exit mobile version